ദുബായ്: പൊതുമാപ്പ് കാലയളവിൽ സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര രക്ഷാ-സേവന പരിഹാര സംവിധാനങ്ങളും ഉറപ്പാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സേവന കേന്ദ്രങ്ങൾ സുരക്ഷിതമാക്കുന്നതിനും രക്ഷാ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് ജിഡിആർഎഫ്എയിലെ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.
പൊതുമാപ്പ് ടെന്‍റുകളിൽ ഓക്സിജന്‍റെ അളവ്, അസ്ഥിരമായ ജൈവ സംയുക്തങ്ങൾ എന്നിവയുടെ അളവുകൾ ഉൾപ്പെടെ സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളും നടത്തിയിട്ടുണ്ട്. നിരവധി ജീവനക്കാർക്ക് സുരക്ഷാ, പ്രതിരോധ പരിശീലനം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാൻ 99 ജീവനക്കാർക്ക് പ്രഥമ ശുശ്രൂഷയിലും 127 ജീവനക്കാർക്ക് ആരോഗ്യ, തൊഴിൽ സുരക്ഷയിലും 104 ജീവനക്കാർക്ക് എമർജൻസി മാനേജ്‌മെന്‍റിലും പരിശീലനം നൽകിയിട്ടുണ്ട്.