മെഡിക്കൽ ടൂറിസത്തിൽ വൻ വളർച്ച കൈവരിച്ച് ദുബായ്

പോയ വർഷം ഏഴ് ലക്ഷത്തോളം മെഡിക്കൽ ടൂറിസ്റ്റുകളാണ് എമിറേറ്റ്‌സിൽ എത്തിയത്
Dubai has seen huge growth in medical tourism
മെഡിക്കൽ ടൂറിസത്തിൽ വൻ വളർച്ച കൈവരിച്ച് ദുബായ്
Updated on

ദുബായ്: ആരോഗ്യ ടൂറിസം രംഗത്ത് ദുബായ് വലിയ വളർച്ച നേടിയതായി ദുബായ് ഹെൽത്ത് അതോറിറ്റി. പോയ വർഷം 6,91,000ൽ ഏറെ മെഡിക്കൽ ടൂറിസ്റ്റുകളാണ് എമിറേറ്റ്‌സിൽ എത്തിയത്. ഇവർ 1.03 ബില്യൺ ദിർഹം ചെലവഴിച്ചതായും ഡി എച്ച് എ വ്യക്തമാക്കുന്നു. 2022 ഇൽ ആറ് ലക്ഷത്തി എഴുപത്തി നാലായിരം മെഡിക്കൽ ടൂറിസ്റ്റുകളാണ് ദുബായിലെ ആശുപത്രികളിൽ എത്തിയത്.

ഇവർ 992 മില്യൺ ദിർഹം ചെലവഴിക്കുകയും ചെയ്തു. പോയ വർഷം ഹെൽത്ത് ടൂറിസത്തിൽ നിന്ന് 2.3 ബില്യൺ ദിർഹത്തിന്‍റെ പരോക്ഷ വരുമാനം ലഭിച്ചു. ഇത് ദുബായിയുടെ ജിഡിപി മെച്ചപ്പെടുത്തുന്നതിന് സഹായകരമായെന്നാണ് വിലയിരുത്തൽ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തുന്നത് ഗുണ നിലവാരമുള്ള ചികിത്സ ലഭിക്കുന്നതുകൊണ്ടും പ്രഗത്ഭരായ മെഡിക്കൽ വിദഗ്ദ്ധരുടെ സേവനം ലഭിക്കുന്നതുകൊണ്ടുമാണെന്ന് ഡിഎച്ച്എ ഡയറക്ടർ ജനറൽ അവധ് സെഗായർ അൽ കെത്ബി പറഞ്ഞു. ഇതിന് സർക്കാരിനെ സഹായിക്കുന്ന സ്വകാര്യ മേഖലയെ അദ്ദേഹം അഭിനന്ദിച്ചു.

ദുബായ് ഡിജിറ്റൽ അതോറിറ്റിയുടെ കണക്കനുസരിച്ച് ഇവിടെയെത്തുന്ന മെഡിക്കൽ ടൂറിസ്റ്റുകളിൽ 58 ശതമാനം സ്ത്രീകളും 42 ശതമാനം പേർ പുരുഷന്മാരുമാണ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 33 ശതമാനം പേരും യൂറോപ്യൻ-കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് 23 ശതമാനം പേരും ജി സി സി രാജ്യങ്ങളിൽ നിന്ന് 28 ശതമാനം പേരും എത്തി. വ്യത്യസ്ത മെഡിക്കൽ വിഭാഗങ്ങളിൽ ചികിത്സ തേടി എത്തിയവരുടെ ശതമാന കണക്കും മേഖലകൾ തിരിച്ചുള്ള കണക്കും റിപ്പോർട്ടിലുണ്ട്.

Trending

No stories found.

Latest News

No stories found.