ദുബായ് : തുറമുഖ സുരക്ഷാ കൗൺസിലിന്‍റെയും ദുബായ് ഇമിഗ്രേഷന്‍റെയും നേതൃത്വത്തിൽ ഒമാന്‍റെ 54-ാം ദേശീയ ദിനാഘോഷം ഹത്ത അതിർത്തിയിൽ വർണാഭമായ പരിപാടികളോടെ നടത്തി. യാത്രക്കാരുടെ ചെക്കിംഗ് പോയിന്‍റ് പരിസരത്ത് നടന്ന പരിപാടിയിൽ, ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്റ്റ്നന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഒമാൻ പൊലീസിലെ ഉന്നത മേധാവിയും നോർത്ത് അൽബാത്തിന പൊലീസിന്‍റെ കമാൻഡറുമായ ബ്രിഗേഡിയർ അബ്ദുള്ള അൽ ഫാർസി,ദുബായ് കസ്റ്റംസിന്‍റെ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസ്നാദ്, ദുബായിലെ വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ അസിസ്റ്റന്‍റ് ഡയറക്ടർമാർ, ഒമാൻ പോലീസ് ഉദ്യോഗസ്ഥന്മാർ അടക്കം നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എയർപോർട്ടിലും ഒമാൻ ദേശീയ ദിനാഘോഷം നടന്നു. ഒമാൻ സ്വദേശികളായ യാത്രക്കാർക്ക് പ്രത്യേക സ്വീകരണവും സമ്മാനങ്ങളും ഇന്‍റർനെറ്റ് ഡേറ്റ അടങ്ങിയ മൊബൈൽ സിമ്മുകളും നൽകി. എയർപോർട്ടിലും ഹത്ത അതിർത്തിയിലും യാത്രക്കാരുടെ പാസ്പോട്ടുകളിൽ യുഎഇ - ഒമാൻ സൗഹൃദം അടയാളപ്പെടുത്തിയ സ്റ്റാമ്പുകളും പതിപ്പിച്ചു. ആധുനിക ഒമാന്‍റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൗദിന്‍റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്.