ദുബായ്: എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ എല്ലാ വിമാനങ്ങളിലും പേജറുകൾക്കും വാക്കി-ടോക്കികൾക്കും നിരോധനം ഏർപ്പെടുത്തി. ചെക്ക്-ഇൻ, ക്യാബിൻ ബാഗേജുകൾക്ക് ഈ തീരുമാനം ബാധകമാണെന്നും ദുബായ് ആസ്ഥാനമായ എയർലൈൻ അധികൃതർ അറിയിച്ചു.
ഹാൻഡ് ലഗേജുകളിലോ പരിശോധിച്ച ബാഗേജുകളിലോ നിരോധിത വസ്തുക്കളുണ്ടെങ്കിൽ പൊലീസ് കണ്ടുകെട്ടുന്നതാണ്. സെപ്തംബറിൽ ലബനാനിലുടനീളം ഹിസ്ബുള്ള ഉപയോഗിച്ച, കൈയിൽ കൊണ്ട് നടക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെയാണ് ഈ നീക്കം.
യാത്രക്കാർക്ക് ഇനി ഈ ഉപകരണങ്ങൾ വിമാനങ്ങളിൽ കൊണ്ടുപോകാൻ അനുവാദമില്ലെന്ന് ലബനാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.ഖത്തർ എയർവേയ്‌സ് കഴിഞ്ഞ മാസം ദോഹയ്ക്കും ബെയ്‌റൂത്തിനുമിടയിലുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളിലും പേജറുകൾക്കും വാക്കി-ടോക്കികൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
വർധിച്ചു വരുന്ന അസ്വസ്ഥതകൾ കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിലെ നിരവധി എയർലൈനുകൾ ബെയ്‌റൂത്തിലേക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവച്ചു. ബെയ്‌റൂത്തിലേക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ ഈ മാസം 15 വരെ റദ്ദാക്കി.