ബ്രസീലിൽ ആളില്ല; ഇന്ത്യയിൽ നഴ്സുമാരെ തേടാൻ ജർമനി

മന്ത്രിമാർ നേരിട്ടു ചെന്നു ക്ഷണിച്ചിട്ടും ബ്രസീലിൽ നിന്നു കിട്ടിയത് വെറും 34 നഴ്സുമാരെ
ബ്രസീലിൽ ആളില്ല; ഇന്ത്യയിൽ നഴ്സുമാരെ തേടാൻ ജർമനി
Updated on

ബര്‍ലിന്‍: ഇന്ത്യയില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തന്നെ ജോലി ചെയ്യുന്ന നഴ്സുമാരോട് ജര്‍മന്‍ തൊഴില്‍ മന്ത്രി നേരിട്ടു വന്ന് ജര്‍മനിയില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? ഇന്ത്യക്കാര്‍ക്കല്ലെങ്കില്‍ ചുരുങ്ങിയപക്ഷം മലയാളികള്‍ക്കറിയാം ഭൂരിപക്ഷം പേരുടെയും ഉത്തരം എന്തായിരിക്കുമെന്ന്.

പക്ഷേ, ജര്‍മന്‍ തൊഴില്‍ മന്ത്രി ഹ്യുബര്‍ട്ടസ് ഹെയ്ല്‍ ബ്രസീലില്‍ ചെന്ന് ഈ ചോദ്യം ചോദിച്ചപ്പോള്‍ ഭൂരിപക്ഷം പേരും അന്തം വിട്ടിരിക്കുകയായിരുന്നു. നാടുവിട്ട് വിദേശത്തു പോയി ജോലി ചെയ്യുക എന്നത് പലര്‍ക്കും അചിന്ത്യമായ കാര്യമാണവിടെ.

ജര്‍മനിയിലെ കെയര്‍ മേഖല നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം നേരിടാന്‍ ബ്രസീലില്‍ നിന്ന് ധാരാളമായി നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ ഊര്‍ജിത ശ്രമങ്ങള്‍ക്കു ശേഷവും 2022ല്‍ ബ്രസീലില്‍ നിന്നു ജര്‍മനിയില്‍ ജോലിക്കെത്തിയ നഴ്സുമാരുടെ എണ്ണം വെറും 34!

ഈ സാഹചര്യത്തിലാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലേന ബെയര്‍ബോക്കും തൊഴില്‍ മന്ത്രി ഹെയ്ലും കൂടി നേരിട്ട് ബ്രസീലില്‍ ചെന്ന് കൂടുതലാളുകളെ ആകര്‍ഷിക്കാന്‍ തീരുമാനിക്കുന്നത്.

ജര്‍മനിയിലെ ഹോസ്പിറ്റല്‍, കെയര്‍ മേഖലകളില്‍ മാത്രം 2035 ആകുന്നതോടെ പത്തു ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിമാർ ബ്രസീൽ സന്ദർശിച്ചത്.

ബ്രസീൽ ദൗത്യം പരാജയപ്പെട്ട പശ്ചാത്തലത്തിൽ ഏഷ്യ തന്നെയാകും ജർമനിയുടെ അടുത്ത ലക്ഷ്യമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതിൽ തന്നെ ഇന്ത്യയിലും ഫിലിപ്പീൻസിലുമാണ് പരിശീലനം സിദ്ധിച്ച, കുടിയേറ്റം ആഗ്രഹിക്കുന്ന, നഴ്സുമാർ ഏറെയുള്ളത്. ഇന്ത്യയിൽ നഴ്സിങ് പരിശീലനം പൂർത്തിയാക്കിയവർക്കും നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും സുവർണാവസരമാണ് ജർമനിയിൽ കാത്തിരിക്കുന്നതെന്നർഥം.

Trending

No stories found.

Latest News

No stories found.