ദുബായ്: കുട്ടികളുടെ പരിപാടിയുടെ ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് യു എ ഇ മീഡിയ കൗൺസിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ബാലസംരക്ഷണ നിയമം, മാധ്യമ നിയന്ത്രണ നിയമം എന്നിവ ലംഘിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് കൗൺസിൽ അറിയിച്ചു.
സൈബർ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ
ഇരകളെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എതിരെ ശക്തമായ നിയമം നിലനിൽക്കുന്ന രാജ്യമാണ് യു എ ഇ. 2012 ലെ അഞ്ചാം ഫെഡറൽ നിയമം അനുസരിച്ച് സൈബർ കുറ്റകൃത്യത്തിൽ പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവും രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കാം.കുറ്റ കൃത്യത്തിന് ഉപയോഗിച്ച ഉപകരണം പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്.
2021 ലെ ഫെഡറൽ ഡിക്രി നിയമം 34 പ്രകാരം ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, അനുവാദമില്ലാതെ ഫോട്ടോ/വീഡിയോ എന്നിവ പങ്കുവെക്കൽ, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ എന്നിവയെല്ലാം സൈബർ കുറ്റങ്ങളുടെ പരിധിയിൽ വരും.