മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്​ത്​ നിക്ഷേപക സെമിനാർ; രണ്ട്​ ധാരണാപത്രങ്ങൾ ഒപ്പു​വെച്ചു ഒമാനും ഇന്ത്യയും

ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്​യാർഡിനായി ചെലവിടുക
മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്​ത്​ നിക്ഷേപക സെമിനാർ; രണ്ട്​ ധാരണാപത്രങ്ങൾ ഒപ്പു​വെച്ചു ഒമാനും ഇന്ത്യയും
Updated on

മസ്​കത്ത്​: ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ ഒമാൻ ചാപ്​റ്ററും ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയുടെ വിദേശ നിക്ഷേപക കമ്മിറ്റിയുമായി ചേർന്ന്​ ഒമാനി മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. റൂവിയിലെ ചേംബർ ആസ്​ഥാനത്തെ മസ്​കത്ത്​ ഹാളിൽ ചേംബർ ഓഫ്​ കൊമേഴ്​സ്​ പ്രസിഡന്‍റ്​ ശൈഖ്​ ഫൈസൽ അൽ റവാസി​ന്‍റെ നേതൃത്വത്തിലാണ്​ പരിപാടി നടന്നത്​. സർക്കാർ പ്രതിനിധികൾ, ബിസിനസുകാർ തുടങ്ങിയവർ സെമിനാറിൽ പ​ങ്കെടുത്തു.

പരിപാടിയുടെ സമാപന ഭാഗമായി രണ്ട്​ നിക്ഷേപ ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഒമാനിൽ ബോട്ട്​ നിർമാണ യാർഡ്​ സ്​ഥാപിക്കുന്നതിനായി ഒമാൻ ട്രേഡിങ്​ എസ്​റ്റാബ്ലിഷ്​മെൻറ്​ ഗ്രൂപ്പും കേരളത്തിലെ അരൂരിലുള്ള സമുദ്ര ഷിപ്പ്​യാർഡ്​ ലിമിറ്റഡും തമ്മിൽ ധാരണയിലെത്തിയതാണ്​ ഒന്നാമത്തേത്​. ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്​യാർഡിനായി ചെലവിടുക. മസ്​കത്ത്​ കേന്ദ്രമായുള്ള സംരംഭകന്‍റെ കേരളത്തിലുള്ള ബെൽഫാംസ്​ റിസോർട്ടിലേക്ക്​ ഹൗസ്​ബോട്ട്​ വാങ്ങുന്നതിനുള്ള ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്​.

ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ് ഡയറക്​ടർ​ ബോർഡിലെ ഏക മലയാളിയായ അബ്​ദുൽ ലത്തീഫ്​ ചെയർമാനായി അടുത്തിടെ നിലവിൽ വന്ന വിദേശ നിക്ഷേപക കമ്മിറ്റിക്ക്​ കീഴിൽ സംഘടിപ്പിച്ച പ്രഥമ ​നിക്ഷേപക സെമിനാറാണിത്​. ഒമാനിലെ മൊത്ത ആഭ്യന്തര ഉത്​പാദനത്തിൽ മത്സ്യവ്യവസായ മേഖലയുടെ പങ്കാളിത്തം 2.5 ശതമാനം മാത്രമാണെന്ന് ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ സ്​ഥാപക ഡയറക്​ടർമാരിലൊരാളായ ഡേവിസ്​ കല്ലൂക്കാരൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഇത്​ ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തു​േമ്പാൾ വളരെ കുറവാണ്​. ​ഈ മേഖലയുടെ മൂല്ല്യം പത്ത്​ ശതമാനത്തിലെത്തിക്കുകയാണ്​ വിഷൻ 2040 ലക്ഷ്യമിടുന്നത്​. സർക്കാരിനൊപ്പം സ്വകാര്യ മേഖലയും കൂടി പരിശ്രമിച്ചാൽ ഈ ലക്ഷ്യം നേരത്തേ കൈവരിക്കാൻ കഴിയുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു​.

ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി ചെയർമാൻ ശൈഖ്​ ഫൈസൽ അൽ റവാസ്​ ഒമാനി സമ്പദ്​ഘടനയിൽ മത്സ്യവ്യവസായ മേഖലക്കുള്ള പ്രാധാന്യത്തെ കുറിച്ച്​ വിശദീകരിച്ചു. വിശിഷ്​ടാതിഥിയായിരുന്ന ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത്​ നാരംഗ്​ ഈ രംഗത്തെ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ കുറിച്ച്​ സംസാരിച്ചു. ഒമാനിലെ മുൻ കാർഷിക-ഫിഷറീസ്​ മന്ത്രി ഫുആദ്​ ജാഫറും സംബന്ധിച്ചു. മത്സ്യവ്യവസായ മേഖലയിൽ വിദേശ നിക്ഷേപത്തിന്​ പ്രാധാന്യമേറെയാണെന്ന്​ തുടർന്ന്​ സംസാരിച്ച വിദേശ നിക്ഷേപക കമ്മിറ്റി ചെയർമാൻ അബ്​ദുൽ ലത്തീഫ്​ പറഞ്ഞു. ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ് ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, ഒമാൻ ചാപ്​റ്റർ ചെയർമാൻ മുഹിയുദ്ദീൻ മുഹമ്മദ്​ അലി, മുഹമ്മദ്​ അമീൻ എന്നിവരും സംസാരിച്ചു. ശേഷം മത്സ്യമേഖലയിലെ നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച്​ ഇൻവെസ്​റ്റ്​ ഒമാൻ അവതരിപ്പിച്ച പ്രസ​േൻറഷനും ശ്രദ്ധേയമായി. കേരള സംസ്​ഥാന വ്യവസായ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്​ ഹനീഷ്​ ഐ.എ.എസ്​ മത്സ്യവ്യവസായ മേഖലയുടെ ഇന്ത്യൻ സാധ്യതകൾ വിശദീകരിച്ചു. വിനോദ സഞ്ചാരിയു​ടെ കാഴ്​ചപ്പാടിൽ നിന്നുള്ള മസ്​കത്ത്​ വാട്ടർ മെട്രോ എന്ന വിഷയത്തിൽ സമുദ്ര ഷിപ്പ്​യാർഡ്​ മാനേജിങ്​ ഡയറക്​ടർ ജീവൻ നിർദേശം സമർപ്പിച്ചു.

ഒമാനിലെ ദേശീയ സമ്പദ്​ ഘടനക്ക്​ മത്സ്യമേഖലയുടെ വിഹിതം വർധിപ്പിക്കാനാകുമെന്ന്​ സെമിനാർ വിലയിരുത്തി. നിലവിൽ ഈ മേഖലയുടെ മൂല്ല്യം 15 ശതമാനത്തിൽ താഴെയാണ്​ ഇത്​ 70 മുതൽ 80 ശതമാനം വരെയായി വർധിപ്പിക്കാനാകും. സാ​ങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും ജനങ്ങളുടെ തൊഴിൽപരമായ മികവ്​ വളർത്തിയും മറ്റ്​ രാജ്യങ്ങളിലെ സമാന മേഖലകളിലുള്ളവരുമായുള്ള സഹകരണത്തിലൂ​ടെയും മാത്രമാണ്​ ഇത്​ സാധ്യമാവുകയുള്ളൂ. വലിയ തൊഴിലവസരങ്ങളാണ്​ മത്സ്യ വ്യവസായ മേഖലയിലുള്ളതെന്നും സെമിനാർ വിലയിരുത്തി.

സമാപന ഭാഗമായുള്ള പാനൽ ഡിസ്​കഷനിൽ ഡോ. വി.എം.എ ഹക്കീം മോഡ​േററ്ററായിരുന്നു. മുഹമ്മദ്​ അമീൻ, വാരിയത്ത്​ അൽ ഖാറൂസി, ഡോ.ഷെറിമോൻ, മുഹമ്മദ്​ അൽ ലവാത്തി, കാർഷിക ഫിഷറീസ്​ മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്​ധ പ്രതിനിധി എൻജിനീയർ. റെദ ബൈത്ത്​ ഫറജ്​ എന്നിവർ പാനലിസ്​റ്റുകളായിരുന്നു.

ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ് സെക്രട്ടറി ജനറൽ Dr. സുരേഷ് കുമാർ, ഒമാൻ ചാപ്​റ്റർ സി.കെ. ഖന്ന, ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ വിദേശ നിക്ഷേപക കമ്മിറ്റി കോഓഡിനേറ്റർ ഷുറൂഖ്​ അൽ ഫാർസിതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Trending

No stories found.

Latest News

No stories found.