ജർമനിയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായവുമായി ISG
ബർലിൻ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള 108 രാജ്യങ്ങളിലായി ആകെ 13 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനം നടത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ക്രമാനുഗത വര്‍ധനയും ഉണ്ടായിട്ടുണ്ട്.
എന്നാൽ, വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോയി പ്രതിസന്ധിയിലാകുന്ന വിദ്യാർഥികളും ഏറെയാണ്. അപരിചിതമായ ഭാഷയും സംസ്കാരവും കാലാവസ്ഥയും രീതികളുമെല്ലാമാണ് മിക്ക രാജ്യങ്ങളിലും വിദേശികളെ കാത്തിരിക്കുന്നത്. ജർമനിയിലാണെങ്കിൽ, ഇത്തരം പ്രതിസന്ധികൾ നേരിടുന്ന ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ ഇന്ത്യൻ സ്റ്റുഡന്‍റ്സ് ജർമനി (ISG) സദാ സന്നദ്ധമാണ്. ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയുടെ നേരിട്ടുള്ള സംരംഭമാണിത്.
വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയിലെ വിദ്യാഭ്യാസത്തെയും തൊഴിലിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ഐഎസ്‌ജിയുടെ പ്രാഥമിക ലക്ഷ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ അടുത്തുള്ള ഇന്ത്യന്‍ അസോസിയേഷനിലേക്ക് നയിക്കുകയും ചെയ്യുന്നു.
ജര്‍മനിയില്‍ എത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ ആദ്യം തന്നെ ISG രജിസ്ട്രേഷൻ പൂർത്തിയാക്കുകയാണ് വേണ്ടത്. www.indianstudentsgermany.org എന്ന ലിങ്കിൽ വിശദാംശങ്ങൾ ലഭിക്കും. ദുരിത സമയങ്ങളില്‍, നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ ആശങ്കകള്‍ അകറ്റാന്‍ ISGയിൽ നൽകുന്ന വിവരങ്ങൾ സഹായകമാകും.