'പത്താം ക്ലാസിന് ശേഷം ചരിത്രം പഠിക്കാത്തവരുടെ തലമുറയായി നാം മാറി' ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കെ. മുരളീധരൻ
ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പങ്കെടുത്ത് കെ. മുരളീധരൻ. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ ശ്രമം നടക്കുന്നുണ്ടെന്നും ചരിത്രം നഷ്ടപ്പെട്ടാൽ രാജ്യത്തിന്‍റെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നും മുൻ കെ പിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ പറഞ്ഞു.
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഡോ. ടി.എസ്. ജോയ് എഴുതിയ 'അനശ്വരാവേശത്തിന്‍റെ ആരംഭ ഗാഥ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പത്താം ക്ലാസ്സിന് ശേഷം ചരിത്രം പഠിക്കാത്തവരുടെ തലമുറയായി നാം മാറിയെന്നും അദേഹം പറഞ്ഞു. ഇത് ആദ്യമായാണ് കെ. മുരളീധരന്‍ ഷാര്‍ജ പുസ്തക മേളയിലെത്തുന്നത്.
കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ ഉത്ഭവവും വികാസവും വിവരിക്കുന്നതാണ് പുസ്തകമെന്നും ഈ ചരിത്രം പുതിയ തലമുറയ്ക്ക് പകരാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും എഴുത്തുകാരന്‍ ഡോ. ടി.എസ്. ജോയ് പറഞ്ഞു. കെപിസിസിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് പ്രസാധകർ.
കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി, ഇന്‍കാസ് യുഎഇ പ്രസിഡന്‍റും സംഘാടക സമിതി ചെയര്‍മാനുമായ സുനില്‍ അസീസ്, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്ററും ജനറല്‍ കണ്‍വീനറുമായ സഞ്ജു പിള്ള , സംഘാടക സമിതി ട്രഷറര്‍ ബിജു എബ്രാഹം എന്നിവർ പ്രസംഗിച്ചു.