ദുബായിൽ 7.35 ദശലക്ഷം ബൈക്ക് യാത്രകൾ പൂർത്തിയാക്കി 'കരീം' ആപ്പ്

ദുബായിലെ സൈക്ലിംഗ് ട്രാക്ക് നെറ്റ്‌വർക്കിലുടനീളം കരീം സ്റ്റേഷനുകൾ സേവന സജ്ജമാണ്.
kareem bike app completes 7.35 million rides in dubai
ദുബായിൽ 7.35 ദശലക്ഷം ബൈക്ക് യാത്രകൾ 'കരീം' ആപ്പ്
Updated on

ദുബായ്: മധ്യപൂർവ ദേശത്തെ പ്രമുഖ സേവന ആപ്പായ 'കരീം' ദുബായിൽ 2020ൽ പ്രവർത്തനമാരംഭിച്ച ശേഷം 7.35 ദശലക്ഷം ബൈക്ക് യാത്രകൾ പൂർത്തിയാക്കി. ഈ മേഖലയിലെ ഏറ്റവും വലിയ പെഡൽ-അസിസ്റ്റ് ബൈക്ക് ശൃംഖലയായ കരീം ബൈക്ക് തുടക്കം മുതൽ മികച്ച വളർച്ചയാണ് കൈവരിച്ചത്. ദുബായിലെ സൈക്ലിംഗ് ട്രാക്ക് നെറ്റ്‌വർക്കിലുടനീളം കരീം സ്റ്റേഷനുകൾ സേവന സജ്ജമാണ്. 197 സ്റ്റേഷനുകൾ ഏകദേശം 1,800 ബൈക്കുകൾ വാടകയ്ക്ക് നൽകുന്നു. 2023ൽ മാത്രം ദുബായിലെ കരീം ബൈക്ക് ഉപയോക്താക്കൾ 2.3 ദശലക്ഷത്തിലധികം യാത്രകൾ നടത്തിയിട്ടുണ്ട് . 2022നെ അപേക്ഷിച്ച് 66.3% വർധനയാണ് രേഖപ്പെടുത്തിയത്. ആകെ യാത്രകളുടെ 76% മാണിത്.

സേവനം തുടങ്ങിയ ശേഷം കരീം ബൈക്ക് ഉപയോക്താക്കൾ മൊത്തം 28.4 ദശലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ടു. അൽ ഖവാനീജിലെ ഖുർആൻ പാർക്ക് മുതൽ മറീന പ്രൊമെനേഡ് വരെയുള്ള 48 കിലോമീറ്ററാണ് ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത യാത്രാ പാത. മൊത്തം യാത്രകളിൽ 68% താമസക്കാരാണ് നടത്തിയത്. എന്നാൽ കരീം ബൈക്കുകളിൽ നടത്തിയ യാത്രകളിൽ 32% വിനോദ സഞ്ചാരികളുടേതാണ്.

2020 മുതൽ, കരീം ബൈക്ക് റൈഡുകൾ മൂലം 4.32 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാൻ സാധിച്ചു. 1,208 കാറുകൾ പുറന്തള്ളുന്നതിന് തുല്യമാണിത്.

കരീം ബൈക്കുകളിൽ നടത്തിയ യാത്രകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധന ദുബായിലുടനീളം സൈക്കിൾ സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയുമായി ഒത്തുപോകുന്നതാണെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

ദുബായിലെ സുസ്ഥിരത എന്ന അജണ്ടയെ പിന്തുണയ്ക്കുകയും സജീവമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2020ൽ ആരംഭിച്ച കരീം ബൈക്ക് കൂടുതൽ പ്രാദേശിക വിപുലീകരണ പദ്ധതികളോടെ അബുദാബി, സൗദി അറേബ്യയിലെ മദീന എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ഒരു കരീം ബൈക്ക് വാടകയ്‌ക്കെടുക്കാൻ ഉപയോക്താക്കൾക്ക് കരീം ആപ്പ് ഡൗൺലോഡ് ചെയ്യാം. ഹോം സ്‌ക്രീനിൽ 'ബൈക്ക്' തിരഞ്ഞെടുത്ത് പുതിയ ഉപയോക്താക്കൾ RIDE50 എന്ന കോഡ് ഉപയോഗിച്ചാൽ ആദ്യ ദിവസ പാസിൽ 50% കിഴിവ് ലഭിക്കും. കൂടാതെ, കരീം പ്ലസ് അംഗങ്ങൾക്ക് പ്രതിമാസം കേവലം 19 ദിർഹം ഫീസിന് പരിധിയില്ലാത്ത 30% ഏകദിന പാസ് ആനുകൂല്യവും ലഭിക്കും.

Trending

No stories found.

Latest News

No stories found.