കൊച്ചി: സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേരളത്തിൽ ആരംഭിച്ച ഓൺലൈൻ ആർടിഐ പോർട്ടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസ്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഓൺലൈൻ ആർടിഐ പോർട്ടൽ സ്ഥാപിച്ചുവെങ്കിലും ഇത് കാര്യക്ഷമമല്ലെന്നും കേരള സർക്കാരിന്‍റെ മുഴുവൻ വകുപ്പുകളും നിലവിലുള്ള ആർടിഐ പോർട്ടലിൽ ഇല്ല എന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഓൺലൈനായി ഫീസടക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഹർജിയിൽ കേരള സർക്കാരിന് നോട്ടീസയച്ച കോടതി നവംബർ ഏഴിനകം വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ സർക്കാരിന് നിർദേശവും നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഹൈക്കോടതികളിലും മൂന്നുമാസത്തിനകം ഓൺലൈൻ ആർടിഐ പോർട്ടൽ സംവിധാനം ഒരുക്കണമെന്ന് പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. പ്രവാസികൾക്ക് വിവരം ലഭിക്കുന്നതിനായി നിലവിലെ സാഹചര്യത്തിൽ നാട്ടിൽ വന്ന് വിവരവകാശ അപേക്ഷ നൽകേണ്ട സാഹചര്യമാണെന്നും ആയതിനാൽ ഓൺലൈൻ ആർടിഐ പോർട്ടൽ സ്ഥാപിക്കാനുള്ള നിർദേശം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായകമായ ഉത്തരവുണ്ടായത്.
തുടർന്ന് എല്ലാ ഹൈക്കോടതികളിലും കേരള സംസ്ഥാനത്തും വിവരാവകാശ പോർട്ടലുകൾ സ്ഥപിക്കപ്പെട്ടു. എന്നാൽ ഇതു കാര്യക്ഷമമല്ല എന്ന് കാണിച്ചുകൊണ്ടാണ് ലീഗൽ സെൽ വീണ്ടും ഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. മനസ് പി ഹമീദ്, അഡ്വ. ഇ. ആദിത്യൻ, അഡ്വ. പോൾ പി എബ്രഹാം, അഡ്വ. മറിയാമ്മ എ. കെ. അഡ്വ. ജിപ്സിതാ ഓജൽ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനായി ഹൈക്കോടതിയിൽ ഹാജരായത്.
പ്രവാസികൾക്കായി ലീഗൽ സെൽ നേടിയെടുത്ത പ്രധാനപ്പെട്ട കോടതിവിധികളിലൊന്നാണ് ഇതെന്ന് ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്, പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ തുടങ്ങിയവർ പറഞ്ഞു.