ഇമിഗ്രേഷനു ക്യൂ നിൽക്കണ്ട, കൊച്ചി വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് വരുന്നു

സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്
Cochin International Airport
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
Updated on

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ 'ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ്' പ്രോഗ്രാമിന്‍റെ ഭാഗമായി രാജ്യാന്തര അറൈവൽ/ഡിപ്പാർച്ചർ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് കൊച്ചി.

ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി കഴിഞ്ഞമാസം ഈ സംവിധാനം ഏർപ്പെടുത്തിയത്. കൊച്ചിയിൽ ഇതിന്‍റെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. ഇതിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമായി. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല.

അറൈവൽ, ഡിപ്പാർച്ചർ മേഖലകളിൽ നാല് വീതം ലെയിനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പാക്കുക. ഇതിനായുള്ള സ്മാർട്ട് ഗേറ്റുകൾ എത്തിക്കഴിഞ്ഞു. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.

ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്‍റിലേക്കു കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്‍റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്ആർആർഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നീണ്ട വരികളിൽ കാത്തുനിൽപ്പ് ഒഴിവാക്കാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ ഹാജരാക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല.

സ്മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. ഇതിൽ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി എടുക്കുന്ന സമയം 20 സെക്കൻഡാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കൻറിൽ സുരക്ഷാ പരിശോധനയ്ക്ക് എത്താവുന്ന വിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്.

Trending

No stories found.

Latest News

No stories found.