സാംസ്കാരിക പ്രസ്ഥാനങ്ങളിൽ വലിയ ഐക്യ പ്രസ്ഥാനമായി മലയാളം മിഷൻ മാറി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

മലയാളം മിഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം
Malayalam Mission has become a big unity movement among cultural movements: Culture Minister Saji Cherian
സാംസ്കാരിക പ്രസ്ഥാനങ്ങളിൽ വലിയ ഐക്യ പ്രസ്ഥാനമായി മലയാളം മിഷൻ മാറി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
Updated on

അബുദാബി: ലോകത്ത് ഇന്നുള്ള സാംസ്കാരിക പ്രസ്ഥാനങ്ങളിൽ വച്ചേറ്റവും വലിയ ഐക്യ പ്രസ്ഥാനമായി അൻപതിലേറെ രാജ്യങ്ങളിലായി മലയാളി കൂട്ടായ്മകൾ നടത്തിക്കൊണ്ടിരിക്കുന്ന മലയാളം മിഷൻ പ്രവർത്തനം മാറിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അബുദാബി കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച ഇന്തോ-യുഎഇ സമന്വയ സാംസ്കാരിക വർഷാചരണവും മലയാളം മിഷൻ പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

‌പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാട്ടിലെ ജനങ്ങളെ ചേർത്തു പിടിക്കാൻ 'വയനാടിനൊരു ഡോളർ' എന്ന പദ്ധതിയിലൂടെ സമാഹരിച്ചത് കേരളത്തിലെ മുഴുവൻ സാംസ്കാരിക പ്രസ്ഥാനങ്ങൾ സമാഹരിച്ച തുകയുടെ പകുതിയിലേറെയായിരുന്നുവെന്നത് ഈ കൂട്ടായ്മയുടെ കരുത്താണ് വെളിവാക്കുന്നതെന്നും അദേഹം പറഞ്ഞു.

ലോകത്ത് തന്നെ മാതൃഭാഷയ്ക്ക് വേണ്ടി സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു പദ്ധതിയില്ല. മലയാളികളായ കുഞ്ഞുങ്ങളെ വ്യക്തിത്വ വികാസമുള്ളവരായി മാറ്റിയെടുക്കാൻ മലയാളം മിഷന്‍റെ കീഴിൽ 'ബാലകേരളം' എന്നൊരു പദ്ധതിക്ക് രൂപം നൽകുന്നതിനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സാംസ്കാരിക വകുപ്പെന്നും അദേഹം വിശദീകരിച്ചു.

സെന്‍റർ വനിതാ വിഭാഗം പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള എസ്സിഇആർടി റിസർച്ച് ഓഫീസർ ഡോ. എം.ടി. ശശി, മലയാളം മിഷൻ അബുദാബി ചെയർമാൻ സൂരജ് പ്രഭാകർ, യുഎഇ കോഡിനേറ്റർ കെ.എൽ ഗോപി, ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ പ്രസിഡന്‍റ് പി. ബാവ ഹാജി, സെന്‍റർ വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ അഞ്ച് വർഷം പൂർത്തിയാക്കിയ അധ്യാപകരെ മന്ത്രി ആദരിച്ചു. 'സുഗതാഞ്ജലി' ചാപ്റ്റർ തല മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സെന്‍റർ വനിതാ വിഭാഗവും മലയാളം മിഷൻ വിദ്യാർത്ഥികളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്‍റർ ആക്ടിങ്ങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.