ബ്രിട്ടിഷ് പാർലമെന്‍റിലേക്ക് 26 ഇന്ത്യൻ വംശജർ; മിന്നും താരമായി മലയാളി സോജൻ ജോസഫ്

Malayali Sojan Joseph in the British Parliament
ബ്രിട്ടിഷ് പാർലമെന്‍റിൽ മലയാളി സോജൻ ജോസഫ്
Updated on

ലണ്ടന്‍: ബ്രിട്ടിഷ് പാർലമെന്‍റിലേക്കു വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്. കൺസർവേറ്റിവുകളുടെ കുത്തകയായിരുന്ന കെന്‍റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്ന് 1779 വോട്ടുകൾക്കാണു ലേബർ പാർട്ടി സ്ഥാനാർഥി സോജന്‍റെ വിജയം. കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രം ലഭിച്ചപ്പോൾ സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) നേടാനായി. റിഫോം യുകെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ 10000ലേറെ വോട്ട് നേടിയതും സോജന്‍റെ വിജയത്തിൽ നിർണായകമായി. രേസ മേയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ഗ്രീൻ. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടത്തെ എംപിയാണ്.

കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജന്‍. മാന്നാനം കെഇ കോളെജിലെ പഠനശേഷം ബംഗളൂരുവിൽ നിന്നു നഴ്സിങ് പഠനം പൂർത്തിയാക്കി 2001ലാണ് യുകെയിലെത്തുന്നത്. കെന്‍റ് ആന്‍ഡ് മെഡ്‌വേ എന്‍എച്ച്എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിങ് മേധാവിയാണ് സോജന്‍ ജോസഫ്. ഭാര്യ ബ്രൈറ്റ ജോസഫും നഴ്സാണ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കൾ.

സോജന്‍റെ വിജയം ബ്രിട്ടനിലെ മലയാളികളെയാകെ ആവേശത്തിലാക്കിയിട്ടുണ്ട്. സ്വദേശമായ കൈപ്പുഴയിലെ വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചുമാണ് ആഘോഷിച്ചത്.

ബ്രിട്ടിഷ് പാർലമെന്‍റിലേക്ക് 26 ഇന്ത്യൻ വംശജർ

ഒന്നര പതിറ്റാണ്ടോളമെത്തിയ കൺസർവേറ്റിവ് ഭരണത്തിനു തിരിച്ചടി നേരിട്ട ബ്രിട്ടനിൽ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പട്ടത് 26 ഇന്ത്യൻ വംശജർ. ടോറികളുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഋഷി സുനക് ഉൾപ്പെടെ നിരവധി നേതാക്കൾ കൺസർവേറ്റിവുകളിൽ നിന്നു വീണ്ടും പാർലമെന്‍റിലെത്തി. യോർക്ക്ഷെയറിലെ റിച്ച്മണ്ട്- നോർത്താല്ലർടണിൽ നിന്നാണു സുനക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ആഭ്യന്തര സെക്രട്ടറിമാരായ സുവെല്ല ബ്രേവർമാൻ, പ്രീതി പട്ടേൽ, ‌മുൻ മന്ത്രി ക്ലെയർ കുടീഞ്ഞോ എന്നിവർ സ്വന്തം തട്ടകങ്ങൾ നിലനിർത്തി.

ഗഗൻ മഹീന്ദ്ര, ശിവാനി രാജ എന്നിവരും വിജയിച്ചു. ഇവരിൽ ശിവാനി പരാജയപ്പെടുത്തിയത് ലേബർ പാർട്ടിയുടെ ഇന്ത്യൻ വംശജനായ സ്ഥാനാർഥി രാജേഷ് അഗർവാളിനെയാണെന്നതും കൗതുകം. അതേസമയം, ടോറി സ്ഥാനാർഥികളിൽ ഇന്ത്യൻ വംശജരായ ശൈലേഷ് വരയുടെയും അമീത് ജോഗിയയുടെയും പരാജയം അപ്രതീക്ഷിതമായി.

മുതിർന്ന നേതാക്കളായ സീമ മൽഹോത്ര, വലേറി വാസ് (കീത്ത് വാസിന്‍റെ സഹോദരി), ലിസ നന്ദി, പ്രീത് കൗർ ഗിൽ, തമൻജീത് സിങ് ധേശി, നവേന്ദു മിശ്ര, നാദിയ വിറ്റോം തുടങ്ങിയവരാണ് ലേബർ പാർട്ടി നിരയിൽ വിജയിച്ച ഇന്ത്യൻ വംശജരായ മുതിർന്ന നേതാക്കൾ. ജാസ് അത്‌വാൾ, ബാഗി ശങ്കർ, സത്‌വീർ കൗർ, ഹർപ്രീത് ഉപ്പൽ, വരീന്ദർ ജസ്, ഗുരീന്ദർ ജോസൻ, കനിഷ്ക നാരായാൺ, സോണിയ കുമാർ, സുരീന ബ്രാക്കൻ ബ്രിഡ്ജ്, കിരിച് എന്‍റ്‌വിസിൽ, ജീവൻ സന്ധേർ, സോജൻ ജോസഫ് എന്നിവർ ലേബർ പാർട്ടിയുടെ ബെഞ്ചുകളിലെ പുതുമുഖനിരയിലുള്ള ഇന്ത്യൻ വംശജരാണ്.

Trending

No stories found.

Latest News

No stories found.