ദുബായ്: ദുബായ് അൽ മക്തൂം അന്തർദേശീയ വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ ചെക്ക് ഇൻ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ എന്നിവ പൂർത്തിയാക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 2033 ഓടെ പുതിയ ടെർമിനലിന്‍റെ നിർമ്മാണം പൂർത്തിയാക്കുമെന്നും പ്രതിവർഷം 260 മില്യൺ യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കാൻ ഇതിന് ശേഷിയുണ്ടാവുമെന്നും ദുബായ് എയർ പോർട്സ് സിഇഒ പോൾ ഗ്രിഫിത്ത് പറഞ്ഞു.
35 ബില്യൺ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ടെർമിനൽ വരുന്ന സാഹചര്യത്തിൽ 2030 ഓടെ 5,16,000 തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് ഗേറ്റുകളിൽ നിന്ന് ബയോ മെട്രിക് സംവിധാനത്തിലേക്കുള്ള മാറ്റം നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പോൾ ഗ്രിഫിത് പറഞ്ഞു.
അൽ മക്തൂം വിമാനത്താവളത്തെ ദുബായ് സർക്കാർ രണ്ടാം ഹബ് എന്ന നിലയിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ അടുത്ത ദശകത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കാർഗോ വിമാനങ്ങളും ചില ബജറ്റ് എയർ ലൈനുകളും മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. വിമാനത്താവളത്തിന്റെ വികസനം ദുബായുടെ സമ്പദ് വ്യവസ്ഥക്കും പുതിയ ഉണർവ് നൽകും.2030 ആകുമ്പോഴേക്കും ദുബായ് എയർ പോർട്സ് 89 ബില്യൺ ദിർഹം വരുമാനമുണ്ടാക്കുമെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സിന്‍റെ പഠന റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ഇത് 62 ബില്യൺ ദിർഹമായിരുന്നു.