ദുബായ്: ദുബായ് എമിറേറ്റിൽ താമസ നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാനും താമസക്കാരെ നിയമം പാലിക്കുന്നതിന് പ്രേരിപ്പിക്കാനും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സംരംഭമായ "ഐഡിയൽ ഫേസ്" ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ്, താമസക്കാരെ ആദരിക്കാനും റെസി ഡൻസി നിയമങ്ങൾ പാലിക്കാനുമുള്ള പ്രതിജ്ഞ എടുക്കാനും പ്രത്യേക വേദിഒരുക്കിയത്
ആഗോള ഗ്രാമത്തിലെ പ്രധാന സ്റ്റേജിന് സമീപമാണ് പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുള്ളത്. ഈ പവലിയനിൽ, വൈകിട്ട് 4 മുതൽ രാത്രി 11 മണിവരെ സന്ദർശകരെ സ്വീകരിക്കും. അവർക്ക് ഈ ഫ്ലാറ്റ്ഫോം വഴി പ്രതിജ്ഞ സ്ഥിരീകരിക്കാനും ജി ഡി ആർ എഫ് എ യുടെ പ്രശംസ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സാധിക്കും. ഇതിനോടൊപ്പം ഇൻട്രാക്ടീവ് ക്വിസ്സിൽ പങ്കെടുക്കാനും അവസരമുണ്ട്.
വിജയികൾക്ക് പ്രതീകാത്മക സമ്മാനങ്ങൾ ഡയറക്ടറേറ്റ് നൽകുന്നതാണ്. കുട്ടികളെ ആകർഷിക്കാൻ ജി ഡി ആർ എഫ് എ -യുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയുടെയും സാന്നിധ്യവും ഇവിടെയുണ്ട്. അവർക്കൊപ്പം ഫോട്ടോയെടുക്കാനും അവസരം ലഭിക്കും. സമൂഹത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന രാജ്യത്തിന്റെ ദർശനത്തോട് ഈ സംഭരംഭം ചേർന്നുനിൽക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.