ദുബായ്: ദുബായിലെ സ്വകാര്യ മേഖലയിലെ മികച്ച അധ്യാപകർക്ക് ഈ മാസം 15 മുതൽ ഗോൾഡൻ വിസക്ക് അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ മാസം അഞ്ചിനായിരുന്നു സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ പ്രതിഭാധനരായ അധ്യാപകർക്കായി ഗോൾഡൻ വിസാ പ്രഖ്യാപനം നടത്തിയത്.
ഇതനുസരിച്ച്, ബാല്യ കാല കേന്ദ്രങ്ങൾ, സ്വകാര്യ സ്കൂളുകൾ, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഈ ദീർഘകാല താമസ വിസകൾ അനുവദിക്കും.
സമൂഹത്തിൽ അസാധാരണ വ്യക്തിപ്രഭാവമുള്ളവരെ പരിപോഷിപ്പിക്കുന്നതിനും മാനുഷിക മൂലധനത്തിൽ നിക്ഷേപം നടത്തുന്നതിനും ഭാവി തലമുറയെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നവരുമായ അധ്യാപകരെ അംഗീകരിക്കാനുള്ള എമിറേറ്റിന്‍റെ സമർപ്പണത്തെയാണ് ഗോൾഡൻ വിസ പ്രതിഫലിപ്പിക്കുന്നത്.
അധ്യാപകർക്ക് ഇനി പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. അസാധാരണമായ അക്കാദമിക നേട്ടങ്ങളുണ്ടാക്കിയവർ, വിദ്യാഭ്യാസ മേഖലയിൽ നൂതന സംഭാവനകൾ നൽകിയവർ, തങ്ങളുടെ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വിജയം നേടിയവർ, വിശാലമായ വിദ്യാഭ്യാസ സമൂഹത്തിൽ നിന്ന് നല്ല സ്വാധീനവും അംഗീകാരവും സമ്പാദിച്ചവർ, അക്കാദമിക് പുരോഗതിയും അംഗീകൃത യോഗ്യതകളും ഉൾപ്പെടെ വിദ്യാർത്ഥികളുടെ ഫലങ്ങൾ മെച്ചപ്പെടുത്താൻ ഗണ്യമായ സംഭാവനകൾ ചെയ്തവർ.