ഗ്ലോബൽ വില്ലേജിലേക്ക് നാല് പ്രത്യേക ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ; ബസ് യാത്രക്കാരുടെ എണ്ണത്തിൽ 22% വർധന
ദുബായ്: മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ കുടുംബ, വിനോദ, സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സർവീസ് പുനരാരംഭിച്ചു.
ഗ്ലോബൽ വില്ലേജുമായി ബന്ധിപ്പിക്കുന്ന നാല് ബസ് റൂട്ടുകൾ ഇപ്രകാരമാണ്:
റാഷിദിയ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102 ഓരോ 60 മിനിട്ടിലും സർവീസ് നടത്തുന്നു. യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് 103 സർവിസ് 40 മിനിട്ട് ഇടവേളയിലും, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104, മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106 എന്നിവ 60 മിനിട്ട് വീതം ഇടവേളകളിലുമാണ് സർവീസ് നടത്തുന്നത്.
ഗ്ലോബൽ വില്ലേജിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സന്ദർശകർക്കും കുടുംബങ്ങൾക്കും സുഖകരവും സുരക്ഷിതവും ആസ്വാദ്യകരവുമായ യഥാർഥ യാത്രാനുഭവം ഉറപ്പാക്കാൻ ഈ റൂട്ടുകളിൽ കോച്ച് ബസുകളാണ് ഉപയോഗിക്കുന്നത്. 2023-2024 കാലഘട്ടത്തിൽ ആർടിഎയുടെ ഗ്ലോബൽ വില്ലേജ് ബസ് സർവീസ് 573,759 യാത്രക്കാർക്ക് സേവനം നൽകി. മുൻ സീസണിൽ (2022-2023) ഇത് 448,716 ആയിരുന്നു. കഴിഞ്ഞ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ 22% വർധനയാണുണ്ടായത്.
ടൂറിസ്റ്റ് അബ്ര സേവനങ്ങൾ
2024-2025 സീസണിൽ ഗ്ലോബൽ വില്ലേജിലേക്കുള്ള ടൂറിസ്റ്റ് അബ്ര സേവനങ്ങളും ആർടിഎ പുനരാരംഭിച്ചു. സീസണിലുടനീളം അതിഥികൾക്ക് സേവനം നൽകാനായി രണ്ട് ഇലക്ട്രിക് പവർ അബ്രകളും ഏർപ്പെടുത്തി. ഇത് ഗ്ലോബൽ വില്ലേജിനുള്ളിലെ ടൂറിസം അനുഭവം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും അതിഥികൾക്ക് സുഖവും ആസ്വാദനവും നൽകുകയും ചെയ്യുന്നു.