മസ്‌കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. കേരളത്തിലേക്ക് ഉള്‍പ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. മസ്‌കറ്റ്, സലാല സെക്ടറുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. ഉത്സവ സീസണുകളില്‍ നാട്ടിലെത്താന്‍ ഉയര്‍ന്ന വിമാന നിരക്ക് നല്‍കിയുന്ന പ്രവാസികള്‍ക്ക് ക്രിസ്മസിന് ആശ്വാസമാകുന്നതാണ് ഓഫര്‍ നിരക്കുകള്‍.
കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂര്‍ ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്. മസ്‌കത്തില്‍ നിന്ന് സലാല, ദുകം, ഫുജൈറ, ദുബൈ, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് എന്നീ സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും.
സെപ്തംബര്‍ 16നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഓഫര്‍ ലഭിക്കണമെങ്കില്‍ ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 7 കിലോ ഹാന്‍ഡ് ബാഗേജാണ് ഓഫര്‍ നിരക്കില്‍ അനുവദിക്കുക. അധിക ബാഗേജിന് കൂടുതല്‍ തുക നല്‍കേണ്ടി വരും.