ഷെങ്കന്‍ വിസ കിട്ടാന്‍ എളുപ്പം മാൾട്ടയാണെന്നു കേട്ടാൽ വിശ്വസിക്കരുത്, നുണയാണ്

ഷെങ്കൻ വിസ അപേക്ഷകൾ നിരാകരിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് മാൾട്ട, മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമെന്ന് കണക്കുകൾ തെളിയിക്കുന്നു
ഷെങ്കൻ വിസ അപേക്ഷകൾ നിരാകരിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് മാൾട്ട, മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമെന്ന് കണക്കുകൾ തെളിയിക്കുന്നു Schengen visa rejection rate highest in Malta
ഷെങ്കന്‍ വിസ കിട്ടാന്‍ എളുപ്പം മാൾട്ടയാണെന്നു കേട്ടാൽ വിശ്വസിക്കരുത്, നുണയാണ്Symbolic image
Updated on

മാൾട്ട വഴി അപേക്ഷിച്ചാൽ എളുപ്പത്തിൽ ഷെങ്കൻ വിസ കിട്ടും എന്നാണ് യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിൽ തേടി പോകാൻ ആഗ്രഹിക്കുന്ന മലയാളികളിൽ പലരും തെറ്റിദ്ധരിച്ചിട്ടുള്ളത്. കുടിയറ്റത്തിന്‍റെ ഇപ്പോഴത്തെ കുത്തൊഴുക്ക് തുടങ്ങിയ കാലത്ത്, നയത്തിലെ ഉദാരത കാരണം അങ്ങനെ ചില സൗകര്യങ്ങൾ മാൾട്ട വഴി ലഭിച്ചിരുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഷെങ്കൻ വിസ അപേക്ഷകൾ നിരാകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് മാൾട്ട ഇപ്പോൾ.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ ഷെങ്കന്‍ മേഖലയിലെ 27 രാജ്യങ്ങളിലും പോകാൻ ഏകീകൃത ഷെങ്കൻ വിസ മാത്രം മതി. ഈ 27 രാജ്യങ്ങളിൽ ഏതു രാജ്യം വഴിയും ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. എന്നാൽ, ഈ രാജ്യങ്ങളിൽ ഓരോന്നിന്‍റെയും കുടിയേറ്റ നയങ്ങളും വിസ പ്രോസസിങ് മാനദണ്ഡങ്ങളും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ വിസ അപേക്ഷ സ്വീകരിക്കാനും നിരസിക്കാനുമുള്ള സാധ്യത ഓരോ രാജ്യത്തിന്‍റെയും കാര്യത്തിൽ വ്യത്യസ്തമാണ്.

മാള്‍ട്ട വഴി വിസ കിട്ടാന്‍ എളുപ്പമാണെന്ന പ്രചരണം യഥാര്‍ഥത്തില്‍ വസ്തുതാവിരുദ്ധമാണെന്ന് ഔദ്യോഗിക കണക്കുകളിൽ തന്നെ വ്യക്തമാണ്. ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം, മാൾട്ടയിൽ ലഭിക്കുന്ന ഷെങ്കൻ വിസ അപേക്ഷകളില്‍ 37.6 ശതമാനവും നിരസിക്കപ്പെടുകയാണ്.

അപേക്ഷ നിരസിക്കുന്ന കാര്യത്തിൽ അത്ര പിന്നിലല്ലാതെ എസ്റ്റോണിയയും ബെൽജിവുമുണ്ട്. പട്ടികയിൽ നാലാം സ്ഥാനത്ത് സ്വീഡനാണ്, അഞ്ചാമത് ഡെൻമാർക്കും.

ഷെങ്കന്‍ മേഖലയില്‍ ആകെ നിരസിക്കപ്പെടുന്ന അപേക്ഷകളില്‍ ഏറെയും ഈജിപ്റ്റ്, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതാണെന്നും കണക്കുകളിൽ വ്യക്തമാകുന്നു. ഇക്കാര്യത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള അപേക്ഷകളുമുണ്ട്.

Trending

No stories found.

Latest News

No stories found.