നിരന്തരമായ പൊരുതലാണ് സ്ത്രീജീവിതം: അശ്വതി ശ്രീകാന്ത്

പുരുഷന്മാർ ചെയ്യുന്നതൊക്കെ അതേപടി ചെയ്യുന്നതല്ല ഫെമിനിസം.
Sharjah International Book Festival Ashwati Srikanth interview
നിരന്തരമായ പൊരുതലാണ് സ്ത്രീജീവിതം: അശ്വതി ശ്രീകാന്ത്
Updated on

ഷാർജ: പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളെ സ്ത്രീകൾ തന്നെ തള്ളിപ്പറയുന്ന പ്രവണത വർധിക്കുന്നുവെന്ന് എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞു.സ്ത്രീകൾ എപ്പോഴും സ്ത്രീകളെ പിന്തുണക്കണമെന്നും അവർ ആവശ്യപ്പെട്ടു.

43 മാത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ 'റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അശ്വതി. സ്ത്രീകൾ ഒരു പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോൾ അതെക്കുറിച്ച് കൃത്യമായി അറിയുന്ന സ്ത്രീകൾ അതിനെ റദ്ദ് ചെയ്യരുത്. അങ്ങനെ വന്നാൽ അവർ പങ്കുവെക്കുന്ന പ്രശ്നങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് അശ്വതി ചൂണ്ടിക്കാട്ടി.

പുരുഷന്മാർ ചെയ്യുന്നതൊക്കെ അതേപടി ചെയ്യുന്നതല്ല ഫെമിനിസം. ഒരാൾ എങ്ങനെ സ്വയം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. നിരന്തരമായി പൊരുതുന്നതാണ് ഓരോ സ്ത്രീയുടെയും ജീവിതമെന്ന് അശ്വതി പറഞ്ഞു. പെൺകുട്ടികൾ ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ പ്രാവശ്യം കേൾക്കുന്ന നിർദേശം 'ശബ്‌ദം താഴ്ത്തി സംസാരിക്കൂ' എന്നതായിരിക്കും. ഒൻപത് കഥകൾ അടങ്ങിയ 'കാളി' എന്ന പുസ്തകം വേഗത്തിൽ എഴുതിത്തീർത്ത പുസ്തകമാണ്. ഇതിലെ ചില കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ജീവിത പരിശീലനം: സൈബർ ആക്രമണവും പ്രതിരോധവും

കൊവിഡ് കാലത്താണ് മറ്റുള്ളവരെ കൂടുതലായി കേൾക്കാൻ തുടങ്ങിയത്.അപരിചിതരായ പലരും വിളിച്ച് സങ്കടങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ജീവിത പരിശീലക എന്ന ദൗത്യത്തിലേക്ക് കടന്നത്. ഇതിന്‍റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് താഴെ വരുന്ന ചില കമന്‍റുകളിൽ അശ്ലീല പ്രയോഗങ്ങൾ ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ കരയുമായിരുന്നു, പിന്നീട് അവയെ അതിജീവിക്കാനും അത്തരം സമീപനങ്ങളെ തള്ളിക്കളയാനും പഠിച്ചു.

അശ്വതി ശ്രീകാന്ത്
അശ്വതി ശ്രീകാന്ത്

പാരന്‍റിങ്ങ് പാഠങ്ങൾ

മക്കളെ വളർത്തുന്നതിനുള്ള സുപ്രധാനമായ ചില പാഠങ്ങൾ സ്വായത്തമാക്കിയത് മൂത്ത മകളിൽ നിന്നാണെന്ന് അശ്വതി പറഞ്ഞു. ചെറുപ്പത്തിൽ ഉണ്ടാകുന്ന മാനസിക ആഘാതങ്ങൾ കുട്ടികളുടെ സ്വഭാവത്തെ ബാധിക്കുമെന്നതിന് ഒരു അനുഭവം അശ്വതി പങ്കുവെച്ചു. ബാല്യകാലത്ത് വഴക്ക് കൂടുമ്പോൾ 'അമ്മ ' നിശബ്ദ ചികിത്സ' നൽകുമായിരുന്നു. ദിവസങ്ങളോളം മിണ്ടാതിരിക്കുക എന്ന ശിക്ഷയായിരുന്നു ആ ചികിത്സ. 'അമ്മ വീണ്ടും മിണ്ടുന്നത് വരെ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു. പിന്നീട് ജീവിത പങ്കാളിയോ അടുത്ത സുഹൃത്തുക്കളോ തിരക്ക് മൂലമോ മറ്റോ മിണ്ടാതെയിരുന്നാൽ അത് തന്നെ ശിക്ഷിക്കുന്നതിനാണെന്ന് തോന്നിയിരുന്നു. ഇപ്പോൾ അത്തരം തോന്നലുകളിൽ നിന്ന് മുക്തയായിയെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു. മാധ്യമ പ്രവർത്തകൻ അനൂപ്‌ കീച്ചേരി മോഡറേറ്ററായിരുന്നു.

Trending

No stories found.

Latest News

No stories found.