മലയാളിയെ കൊന്ന കേസിൽ മറ്റൊരു മലയാളിയടക്കം 5 പേരുടെ വധശിക്ഷ സൗദി നടപ്പാക്കി

പതിനേഴു ദിവസത്തിനുള്ളിൽ പ്രതികളെ പിടിച്ച് സൗദി
sameer
sameer
Updated on

ജുബൈൽ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാലു സൗദി പൗരന്മാരുടെയും ഒരു മലയാളിയുടെയും വധശക്ഷ സൗദി നടപ്പാക്കി. കൊടുവളളി മണിപുരം ചുള്ളിയാട്ട്പൊയിൽ വീട്ടിൽ അഹമ്മദ്കുട്ടി-ഖദീജ ദമ്പതികളുടെ പുത്രൻ സമീറാണ് 2016 ജൂലൈ ഏഴിന് കൊല്ലപ്പെട്ടത്. പെരുന്നാൾ ദിനമായിരുന്ന അന്ന് ജുബൈലിലെ വർക്ക് ഷോപ്പ് ഏരിയയിലാണ് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് കൊന്നു തള്ളിയ അവസ്ഥയിൽ കണ്ടെത്തിയത്.

തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്,സൗദി പൗരന്മാരായ ജാഫർ ബിൻ സാദിഖ്, ബിൻ ഖാമിസ് അൽഹാജി,ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്,ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽസമീൽ, ഹുസൈൻ ബിൻ അബ്ദുള്ള ബിൻ ഹാജി അൽ മുസ് ലിമി എന്നിവരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. ജുബൈലിൽ ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്.

2016 ജൂലൈ ആറിന് പെരുന്നാൾ ദിനത്തിൽ സമീറിനെയും സുഹൃത്തിനെയും കാണാതായി.പിറ്റേന്ന് ജുബൈൽ വർക്ക് ഷോപ്പ് ഏരിയയിൽ മണലും സിമന്‍റും വിൽക്കുന്ന ഭാഗത്ത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കാണപ്പെട്ടു.പിന്നീട് പരിശോധന വഴി അതു സമീറാണെന്നു കണ്ടെത്തി.

നിരവധി മലയാളികളെ ചോദ്യം ചെയ്ത ജുബൈൽ പൊലീസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ ആണ് തുമ്പുണ്ടായത്.കുഴൽപ്പണക്കാരെയും മദ്യവാറ്റുകാരെയും കൊള്ളയടിക്കുന്ന സംഘമാണ് സമീറിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. സ്വദേശികളായ സംഘത്തിന്‍റെ സഹായിയായിരുന്നു തൃശൂർ സ്വദേശി സിദ്ദിഖ്. മദ്യവാറ്റു കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനെന്നു തെറ്റിദ്ധരിച്ചാണ് സമീറിനെയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ കൃഷിയിടത്തിലെ കെട്ടിടത്തിൽ അതിക്രൂര പീഡനങ്ങൾക്കിരയാക്കിയത്.

ബോധഹീനനായ സമീറിനെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വഴിയരുകിൽ ഉപേക്ഷിച്ചു. അപ്പോഴേയ്ക്കും സമീർ കൊല്ലപ്പെട്ടിരുന്നു. അവശനായ സമീറിന്‍റെ സുഹൃത്തിനെ സംഘം വഴിയിലിറക്കി വിട്ടു. പതിനേഴു ദിവസം കൊണ്ട് ജുബൈൽ സ്പെഷ്യൽ സ്ക്വാഡ് പ്രതികളെ കണ്ടെത്തി. കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന സമീറിന്‍റെ മരണം വൃദ്ധമാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ അവസ്ഥ ദുരിതപൂർണമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.