പ്രവാസികൾക്കായി സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ 'എൻആർഐ സാഗ'

സാലറി അഡ്വാന്‍റേജ് ഗ്ലോബല്‍ അക്കൗണ്ട് എന്ന പേരിലുള്ള ഈ അക്കൗണ്ടിൽ സീറോ ബാലൻസ് സൗകര്യം ലഭ്യമാണ്
South Indian Bank introduces 'NRI Saga' for non-resident Indians
പ്രവാസി ഇന്ത്യക്കാർക്കായ് 'എൻ ആർ ഐ സാഗ' അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
Updated on

ദുബായ്: ശമ്പളക്കാരായ പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി എൻആർഐ സാഗ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. സാലറി അഡ്വാന്‍റേജ് ഗ്ലോബല്‍ അക്കൗണ്ട് എന്ന പേരിലുള്ള ഈ അക്കൗണ്ടിൽ സീറോ ബാലൻസ് സൗകര്യം ലഭ്യമാണ്.

പ്രവാസികൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ കോര്‍പ്പറേറ്റ് പങ്കാളിത്തത്തിലൂടെ ശമ്പളക്കാരായ എന്‍ആര്‍ഐകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഇതെന്ന് ബാങ്ക് അധികൃതർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, ഹോം, കാര്‍ ലോണുകള്‍ക്കുള്ള പ്രോസസിംഗ് ഫീസില്‍ 25% ഇളവ് തുടങ്ങിയവയും ലഭ്യമാവും. അക്കൗണ്ട് ഉടമ സ്ഥിരമായി തുക അയയ്ക്കണം എന്നതാണ് പ്രധാനം. ഇപ്രകാരം ചെയ്യുന്നവർക്ക് ലോൺ അനുവദിക്കുന്നതിന് മുൻഗണന ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണെങ്കിലും കൂടുതൽ പലിശ ലഭിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ്ങ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.

അല്‍ ബദര്‍ എക്സ്ചേഞ്ച്, അല്‍ റസൂക്കി എക്സ്ചേഞ്ച്, സലിം എക്സ്ചേഞ്ച്, അല്‍ ഡെനിബ എക്സ്ചേഞ്ച്, ഫസ്റ്റ് എക്സ്ചേഞ്ച് ഒമാന്‍, ഹൊറൈസണ്‍ എക്സ്ചേഞ്ച് തുടങ്ങിയ എക്സ്ചേഞ്ചുകളുമായും മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍മാരുമായും (എംടിഒകള്‍) സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചു.

ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് എന്‍ആര്‍ഐകളെ പിന്തുണയ്ക്കുന്നതിനായി ജിസിസി മേഖലയിലുടനീളമുള്ള 35-ന് മുകളില്‍ എക്സ്ചേഞ്ചുകളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സഹകരിക്കുന്നുണ്ട്. എസ്ഐബി മിറര്‍ പ്ലസ് ബാങ്കിംഗ് ആപ്പ് 9 വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. കൂടാതെ ഇ-ലോക്ക്, ഇ-ലിമിറ്റ് എന്നിവ പോലുള്ള പ്രധാന സുരക്ഷാ സവിശേഷതകളും നല്‍കുന്നുണ്ട്.

എസ്ഐബി മിറര്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര പണമയയ്ക്കല്‍, എന്‍ആര്‍ഐകള്‍ക്കായി തല്‍ക്ഷണ പിഐഎസ് അക്കൗണ്ട് തുറക്കല്‍, ക്യൂആര്‍ കോഡും യുപിഐ പേയ്മെന്‍റുകളും നടത്തുക, 100-ലധികം യൂട്ടിലിറ്റികള്‍ക്ക് ബില്ലുകള്‍ അടയ്ക്കുക, മ്യൂച്വല്‍ ഫണ്ടുകളില്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുക, തല്‍ക്ഷണം മുന്‍കൂട്ടി അംഗീകരിച്ച വായ്പകള്‍ നേടുക, സ്വര്‍ണ്ണ വായ്പ പുതുക്കുക തുടങ്ങിയവയ്ക്കായുള്ള പണം ഡിജിറ്റലായി കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്.

ബാങ്കിന്‍റെ മൊബൈല്‍ പ്ലാറ്റ്ഫോമിലെ 'റമിറ്റ് മണി എബ്രോഡ്' സേവനത്തിലൂടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലോകമെമ്പാടുമുള്ള 100-ലധികം കറന്‍സികളില്‍ വിദേശത്തേക്ക് പണമയയ്ക്കാം. ഉപഭോക്താക്കള്‍ക്ക് യുഎസ് ഡോളര്‍, യുഎഇ ദിര്‍ഹം, യൂറോ, പൗണ്ട് പോലുള്ള കറന്‍സികളില്‍ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ24 മണിക്കൂറും ഓണ്‍ലൈനായി പണം കൈമാറാം.

'ശമ്പളക്കാരായ എന്‍ആര്‍ഐകളുടെ സവിശേഷമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നമായ എന്‍ആര്‍ഐ സാഗ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്‍. ശേഷാദ്രി പറഞ്ഞു.

'ഞങ്ങളുടെ മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ഓഫറുകളും വിപുലീകരിച്ച ആഗോള പണമടയ്ക്കല്‍ ശൃംഖലയും സംയോജിപ്പിച്ച് അവര്‍ ലോകത്ത് എവിടെയായിരുന്നാലും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണിതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു'. എസ്ഐബി ചീഫ് ജനറൽ മാനേജർ ആന്‍റോ ജോർജ്.ടി, സീനിയർ ജനറൽ മാനേജർമാരായ സോണി.എ, ബിജി എസ്.എസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവിലെ രണ്ടാം പാദം സാമ്പത്തിക ഫലം

അടുത്തിടെ അവതരിപ്പിച്ചിരുന്നു.. 325 കോടി രൂപയുടെ അറ്റാദായമാണ് ആ പാദത്തിൽ ബാങ്ക് നേടിയത്. കോര്‍പ്പറേറ്റ്, ഹൗസിംഗ് ലോണ്‍, ഓട്ടോ ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.