ദുബായ്: എക്‌സ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്ഇൻ, യൂ ട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ ചാനലുകളിൽ 'ടോക് ടു അസ്' സംരംഭത്തിലൂടെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കസ്റ്റമേഴ്‌സ് കൗൺസിൽ വെർച്വൽ സെഷൻ നടത്തി.
സെഷനിൽ പൊതുജനങ്ങളിൽ നിന്നും, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ബസ് ഉപയോക്താക്കളിൽ നിന്നും മികച്ച പങ്കാളിത്തവും സജീവ ഇടപെടലുമുണ്ടായതായി ആർ ടി എ അറിയിച്ചു.
ദുബായിയുടെ വിവിധ പ്രദേശങ്ങളിലെ ആഭ്യന്തര ബസ് റൂട്ടുകളും യു.എ.ഇയിലെ മറ്റ് എമിറേറ്റുകളുമായി ദുബൈയെ ബന്ധിപ്പിക്കുന്ന ഇന്‍റർ സിറ്റി റൂട്ടുകളും സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു. തത്സമയ ചർച്ചയിൽ പൊതുജനങ്ങൾ പങ്കുവെച്ച ഉൾക്കാഴ്ചയുള്ള അഭിപ്രായങ്ങൾക്ക് കൗൺസിൽ അഭിനന്ദനമറിയിച്ചു.
ദുബായ് ബസ് ശൃംഖലയുടെയും ഇന്‍റർ സിറ്റി ബസ് സർവിസിന്‍റെയും വിപുലീകരണ സാധ്യതകൾ ഉൾപ്പെടെ നിരവധി നിർദേശങ്ങളും നിരീക്ഷണങ്ങളുമായാണ് സെഷൻ സമാപിച്ചത്. യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിന് ഇത്തരം പരിപാടികൾ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ പറഞ്ഞു.
ഈ വർഷം ആദ്യ പകുതിയിൽ പൊതു ബസുകൾ 89.2 ദശലക്ഷം യാത്രക്കാരെ വഹിച്ചു. വർഷാർധത്തിലെ മൊത്തം പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിന്‍റെ 24.5% വരും ഇത്.