ശ്രദ്ധിക്കണേ അമ്പാനേ..., യുഎഇയിൽ നൊസ്റ്റു ഓവറായാലും കോടതി കയറും

മാതാപിതാക്കളുടെ നൊസ്റ്റു കണ്ട് പ്രചോദിതരായി, സ്കൂളിൽ ചെന്ന് കൂട്ടുകാരുമൊത്ത് സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടുകളയാം എന്ന് മക്കൾ തീരുമാനിച്ചാൽ പെട്ടുപോകും
UAE bans photos without permission അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരം
അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരം
Updated on

റോയ് റാഫേൽ

''ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന

തിരുമുറ്റത്തെത്തുവാൻ മോഹം...''

ഒഎൻവിയുടെ വരികൾ കേട്ടുതുടങ്ങുമ്പോൾ തന്നെ പഠിച്ച വിദ്യാലയം ഓർമകളിൽ ഓടിയെത്തും. പിന്നെ വൈകില്ല; പണ്ട് ചങ്ങാതിമാരുമൊത്ത് വിദ്യാലയ മുറ്റത്തെ ഏതെങ്കിലും മരച്ചുവട്ടിൽ വച്ചെടുത്ത നിറം മങ്ങിത്തുടങ്ങിയ ഒരു ചിത്രം തപ്പിപ്പിടിച്ച് സമൂഹ മാധ്യമത്തിൽ 'പോസ്റ്റും'. എന്നിട്ട് ലൈക്കും കമന്‍റും വരുന്നതും നോക്കി ഗൃഹാതുരതയിൽ മയങ്ങി അൽപ്പനേരം കാത്തിരിക്കും. അതൊരു സുഖമാണ്....

എന്നാൽ, മാതാപിതാക്കളുടെ നൊസ്റ്റു കണ്ട് പ്രചോദിതരായി, സ്കൂളിൽ ചെന്ന് കൂട്ടുകാരുമൊത്ത് ഒരു സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടുകളയാം എന്ന് ഇവരുടെ മക്കൾ തീരുമാനിച്ചാൽ പെട്ടുപോകും. സൂക്ഷിക്കുക..., സ്കൂളിലാണെങ്കിലും അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നതും അത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും യുഎഇ നിയമപ്രകാരം കുറ്റകരമാണ്. പ്രായപൂർത്തിയാകാത്തവർ പോലും കോടതി നടപടികൾ നേരിടേണ്ടി വരും.

കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കളും പെടും

2021ലെ ഫെഡറൽ ഡിക്രി 34 പ്രകാരം, അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമോ ദൃശ്യങ്ങളോ പകർത്തുന്നത് നിയമവിരുദ്ധമാണ്. ചെയ്യുന്നത് കുട്ടികളാണെങ്കിൽ, മേൽനോട്ടക്കുറവിന്‍റെ പേരിൽ മാതാപിതാക്കളും സ്കൂൾ അധികൃതരും കോടതി കയറേണ്ടിവരും.

കുറ്റം തെളിഞ്ഞാൽ കുട്ടികൾക്ക് അതികഠിനമായ ശിക്ഷയുണ്ടാവില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. 12നും 16നും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ, നല്ല നടപ്പ് ആയിരിക്കും 'ശിക്ഷ'. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സാമൂഹിക സേവനം, തൊഴിൽ പരിശീലനം, ജുവനൈൽ കേന്ദ്രങ്ങളിൽ ജോലി എന്നിങ്ങനെ ശിക്ഷയുടെ സ്വഭാവം മാറും.

16നും 18നും ഇടയിലുള്ളവരാണ് കുറ്റം ചെയ്തതെങ്കിൽ ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷ തന്നെ ലഭിക്കാം. എങ്കിലും സാധാരണ രീതിയിൽ തടവ് ശിക്ഷ ഉണ്ടാകാറില്ല.

ഗൃഹാതുരത്വം വേറെ നിയമം വേറേ

ചില സ്കൂളുകളിൽ പഠനത്തിന്‍റെ ഭാഗമായി ടാബ് അല്ലെങ്കിൽ ലാപ് ടോപ് നിർബന്ധമാണ്. എന്നാൽ, സിം കാർഡുള്ള ടാബോ മൊബൈൽ ഫോണോ അനുവദനീയമല്ല. രാജ്യത്തെ മിക്ക വിദ്യാലയങ്ങളിലും സൈബർ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അധ്യയന വർഷം തുടങ്ങിയപ്പോൾ തന്നെ ഇത് സംബന്ധിച്ച ബോധവത്കരണം സ്കൂൾ അധികൃതർ നടത്തിയിരുന്നു. അനുവാദമില്ലാതെ സ്കൂളിൽ വച്ചെടുത്ത ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നാണ് നിർദേശം.

അപ്പോൾ അതാണ് കാര്യം. കുട്ടികളെ ഇക്കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുള്ള ചുമതല മാതാപിതാക്കളുടേതാണ്. ഗൃഹാതുരത്വം വേറെ നിയമം വേറെ. ശ്രദ്ധിക്കണം അമ്പാനേ....

Trending

No stories found.

Latest News

No stories found.