ദുബായ്: വാരാന്ത്യത്തിൽ യുഎഇ തണുത്ത കാലാവസ്ഥയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യവ്യാപകമായി താപനിലയിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറവ് വരും. ശനിയാഴ്ച മുതൽ വടക്കു-പടിഞ്ഞാറൻ കാറ്റ് രാജ്യത്തുടനീളമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (എൻസിഎം) കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരപ്രദേശങ്ങളിലും പർവത മേഖലയിലും അന്തരീക്ഷം കൂടുതൽ മേഘാവൃതമാകും. അബുദാബിയിൽ പ്രത്യേകിച്ച് അൽ ദഫ്‌റ മേഖലയിൽ മഴ സാധ്യത കൂടുതലാണെന്നും അദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ ചില മേഖലകളിൽ ബുധനാഴ്ച മഴ പെയ്തു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, ഷാർജയിലെ മഹ്ഫിസ് അൽ ഫയ റോഡ് എന്നിവിടങ്ങളിൽ മിതമായ തോതിൽ മഴ പെയ്തു. ബുധനാഴ്ച യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ അർധരാത്രിയിലെ 20 ഡിഗ്രി സെൽഷ്യസായിരുന്നു.
രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 21.1 ഡിഗ്രി സെൽഷ്യസ് റാസൽഖൈമയിലെ ജബൽ അൽ ഹബ്നിൽ പ്രാദേശിക സമയം 05.15ന് രേഖപ്പെടുത്തി. വ്യാഴാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉച്ച കഴിഞ്ഞ് കിഴക്കൻ-തെക്കൻ മേഖലകളിൽ മഴ സാധ്യതയുണ്ടെന്നും നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനിടയുണ്ടെന്നും എൻസിഎം വ്യക്തമാക്കി.
മഴ സമയത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും മുൻകരുതൽ എടുക്കാനും എൻസിഎം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്നും താഴ്‌വരകളിൽ നിന്നും അകന്നു നിൽക്കാനും അധികൃതർ നിർദേശിച്ചു.