ചുരുളി എന്ന സിനിമയിലെ ഭാഷ മലയാളത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമെന്ന് വിനോയ് തോമസ്

പുതിയ നോവൽ കൗമാരക്കാർക്ക് വേണ്ടിയെന്നും വിനോയ് തോമസ്
Vinoy Thomas says that the language in the movie Churuli is an attempt to reclaim Malayalam
വിനോയ് തോമസ്
Updated on

ഷാർജ: ചുരുളി എന്ന സിനിമയിലെ ഭാഷ മൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് സിനിമയ്ക്ക് ആധാരമായ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയുടെ എഴുത്തുകാരൻ വിനോയ് തോമസ് പറഞ്ഞു. എന്നാൽ നല്ലത് എന്ന വിശേഷണത്തിൽ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യ കൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്നും അദേഹം പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'പ്രോത്താസീസിന്‍റെ ഇതിഹാസം' എന്ന കൃതിയെ ആധാരമാക്കി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. മലയാളത്തെ തിരിച്ചുപിടിക്കാനാണ് തന്‍റെ ശ്രമമെന്നും വിനോയ് പറഞ്ഞു.

'നന' എന്ന നോവല്ല ചുരുളിയുടെ രണ്ടാം ഭാഗമാണെന്ന് വിനോയ് പറഞ്ഞു. നല്ലവർ മാത്രം താമസിക്കുന്ന സ്ഥലത്ത് ഒരു കുറ്റവാളിയെ അന്വേഷിച്ച് പോകുന്നവരുടെ കഥയാണിത്. രക്തസാക്ഷിത്വം എന്ന വിഷയം ദാർശനികമായി ചർച്ച ചെയ്യുന്ന നോവെല്ലെയാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥ ഡ്രാക്കുളയാണെന്നും വിനോയ് അഭിപ്രായപ്പെട്ടു. അവനവന്‍റെ ശരീരത്തോട് ഒരാൾ ചെയ്യുന്ന കുറ്റകൃത്യമാണ് രക്തസാക്ഷിത്വമെന്നും അദേഹം പറഞ്ഞു. എല്ലാ മതങ്ങളിലും പ്രാകൃത ആചാരങ്ങളിലേക്ക് തിരിച്ചുപോകാനുള്ള പ്രവണതയുണ്ട്. ജീവിച്ചിരിക്കുന്നവരെ 'ഫിക്ഷണൽ' കഥാപാത്രമാക്കാനുള്ള സ്വാതന്ത്ര്യമാണ് താൻ ആഗ്രഹിക്കുന്നത്. ഭാഷാ പ്രയോഗത്തിലും സമാനമായ സ്വാതന്ത്ര്യം വേണമെന്നും അദേഹം ആവശ്യപ്പെട്ടു.

കുടിയേറ്റത്തിന്‍റെ കഥാകാരൻ, ദേശത്തിന്‍റെ എഴുത്തുകാരൻ എന്ന വിശേഷണങ്ങൾ തന്നെ ഒതുക്കാൻ വേണ്ടിയാണെന്ന് വിനോയ് തോമസിന്‍റെ നർമ പ്രതികരണം. പറയാനുള്ള കാര്യങ്ങൾ ഒരു ദേശത്തിന്‍റെ ചട്ടക്കൂടിൽ അവതരിപ്പിക്കുന്നുവെന്നത് മാത്രമാണ് തന്നെ സംബന്ധിച്ച് ദേശത്തിന്‍റെ പ്രസക്തി. ചിലപ്പോൾ ഒരു ദേശം ആവർത്തിക്കപ്പെട്ടേക്കാം എന്നാൽ പ്രമേയം വ്യത്യസ്തമായിരിക്കുമെന്ന് വിനോയ് പറഞ്ഞു.

അറേബ്യൻ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതുമെന്നും അദേഹം പറഞ്ഞു.'ലോറൻസ് ഓഫ് അറേബ്യ' എന്ന സിനിമ കണ്ടതിന്‍റെ സ്വാധീനമുണ്ടെന്നും വിനോയ് പറഞ്ഞു, അറേബ്യൻ ഗോത്ര സംസ്കൃതിയെക്കുറിച്ചുള്ള നോവലായിരിക്കും അത്. കുട്ടികളുടെ പാഠ പുസ്തകങ്ങൾ കാലഹരണപ്പെട്ടു. ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളെ പാഠ്യക്രമം അഭിമുഖീകരിക്കുന്നില്ല. മലയാളം അദ്ധ്യാപകർ പലപ്പോഴും കോമഡിയാണ് ക്ലാസ്സിൽ ചെയ്യുന്നതെന്ന് അദേഹം വിമർശിച്ചു.

മലയാള ഭാഷയെ ഇപ്പോൾ സംരക്ഷിക്കുന്നത് പ്രാദേശിക ഭാഷാ ഭേദത്തിൽ എഴുതുന്ന കടകളുടെ ബോർഡുകളാണെന്നും വിനോയ് പറഞ്ഞു. ജീവിക്കുന്ന മലയാളം ഇതാണെന്നും അദേഹം നിരീക്ഷിച്ചു. എഴുത്തുകാരൻ എന്നത് എഴുതുമ്പോൾ മാത്രമുള്ള അവസ്ഥയാണ്, മറ്റുസമയങ്ങളിൽ എഴുത്തുകാരൻ എന്ന ലേബലിന് പ്രസക്തിയില്ലെന്നും അദേഹം വ്യക്തമാക്കി.

ചെറുപ്രായത്തിൽ തന്നെ പ്രതിഭയാണെന്ന് വിശേഷിപ്പിച്ച് അംഗീകരിക്കുന്നത് എഴുത്തുകാരോട് ചെയ്യുന്ന ദ്രോഹമാണ്. പതിനെട്ടാം വയസ്സിൽ ഖസാക്കിന്‍റെ ഇതിഹാസം വായിച്ചയാളെ പ്രദേശത്തെ വായനശാല 'മികച്ച വായനക്കാരനുള്ള' പുരസ്‌കാരം നൽകി ആദരിച്ച സംഭവം അദേഹം വിവരിച്ചു. പിന്നീട് ഒരു പണിക്കും പോകാതെ അയാൾ ബുദ്ധിജീവിയായി ജീവിക്കുകയാണ്. പ്രോത്താസീസിന്‍റെ ഇതിഹാസം എന്ന കൃതിയുടെ പ്രമേയം ഇത് തന്നെയാണ്.

സമൂഹ മാധ്യമ ഭാഷ

യുട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമ ഇടങ്ങളിൽ വരുന്ന പോസ്റ്റുകളിലെ കമന്‍റുകളിൽ നിന്നാണ് ജീവിക്കുന്ന മലയാള ഭാഷ താൻ കണ്ടെത്തുന്നതെന്ന് വിനോയ് തോമസ് പറയുന്നു.

പുതിയ നോവൽ 'ആകാശ വിസ്മയം' കൗമാരക്കാർക്ക് വേണ്ടി

തന്‍റെ പുതിയ നോവൽ ആകാശ വിസ്മയം അടുത്ത വർഷം മാർച്ച് മാസത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിനോയ് തോമസ് അറിയിച്ചു. കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള നോവലായിരിക്കും ആകാശ വിസ്മയം. ബലി മനുഷ്യ വംശത്തിലെ പ്രാകൃതമായ ആചാരമാണ്. അതിനെ എത്ര പരിഷ്കരിച്ചാലും ആദർശവത്കരിച്ചാലും അതിൽ ഹിംസയുടെ അംശം ഉണ്ട്. നിനക്ക് വേണ്ടി ഞാൻ മരിക്കാം എന്നൊരു സംഗതിയില്ല. ഒരാൾ മരിച്ചാൽ അപരന്‍റെ മരണം ഇല്ലാതാക്കാനാവില്ല.

ക്രിസ്തുവിന്‍റെ മരണം മൂലം പാപം ഇല്ലാതായില്ലെന്നും വിനോയ് പറഞ്ഞു. മണിപ്രവാളത്തിൽ എന്തും എഴുതാം മലയാളത്തിൽ പാടില്ല എന്നതാണ് സ്ഥിതി എന്നും വിനോയ് തോമസ് പറഞ്ഞു. മലയാളം അദ്ധ്യാപകനും കവിയുമായ കെ. രഘുനന്ദനൻ മോഡറേറ്ററായിരുന്നു. വിനോയ് തോമസിന്‍റെ കരിക്കോട്ടക്കരി എന്ന നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ ' ബ്ലാക്ക് എൻഡ് ' കണ്ണന് നൽകി എഴുത്തുകാരൻ ലിജീഷ് കുമാർ പ്രകാശനം ചെയ്തു. യുഎഇയിലെ പ്രവാസിയായ കെ. നന്ദകുമാറാണ് പുസ്തകം മൊഴിമാറ്റം നടത്തിയത്.

Trending

No stories found.

Latest News

No stories found.