യുഎഇയിൽ പൊതുമാപ്പ് പ്രാബല്യത്തിൽ; ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ‌ അവസരം

പൊതുമാപ്പ് സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ ജിഡിആർഎഫ്എയുടെ 800 5111 നമ്പറിൽ വിളിച്ച് ശരിയാണോ എന്ന് ഉറപ്പു വരുത്തണം
visa amnesty in force in uae
യുഎഇയിൽ പൊതുമാപ്പ് പ്രാബല്യത്തിൽ
Updated on

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കം. ദുബായിൽ ജിഡിആർഎഫ്എയുടെ അൽ അവീർ കേന്ദ്രത്തിലും 86 ആമർ സെന്‍ററുകളിലും നേരിട്ട് അപേക്ഷ നൽകാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി(ഐ.സി.പി)യുടെ ഓൺലൈൻ സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വഴിയും അനധികൃത താമസക്കാർക്ക് അപേക്ഷ സമർപ്പിക്കാനാകും.

രാജ്യം വിട്ട് പോകണമെന്നുള്ളവർ പാസ്പോർട്, എയർ ടിക്കറ്റ് എന്നിവയുടെ വിശദാംശങ്ങൾ നൽകണം. ബയോ മെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ട് എന്ന അറിയിപ്പ് ലഭിക്കുന്നവർ മാത്രമേ നേരിട്ട് സേവന കേന്ദ്രങ്ങളിൽ പോകേണ്ടതുള്ളൂ. യുഎഇയുടെ സഹിഷ്ണുതയും മാനവിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും നിയമ വാഴ്ചയോടുള്ള ആദരവുമാണ് പൊതുമാപ്പിലൂടെ പ്രകടമാകുന്നതെന്ന് ദുബായ് ജിഡിആർഎഫ്എ ഡയരക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പൊതുമാപ്പ് സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ ജിഡിആർഎഫ്എയുടെ 800 5111 നമ്പറിൽ വിളിച്ച് ശരിയാണോ എന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

അനധികൃത താമസക്കാർക്ക് നൽകുന്ന എക്സിറ്റ് പാസിന്റെ കാലാവധി 14 ദിവസമാണ്. പൊതുമാപ്പിന്റെ സമയ പരിധിക്കുള്ളിൽ എക്സിറ്റ് പാസിന്റെ കാലാവധി കഴിഞ്ഞാലും സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കും. എന്നാൽ, പൊതുമാപ്പ് അവസാനിക്കുന്ന ഒക്ടോബർ 30ന് ശേഷമാണ് എക്സിറ്റ് പാസിന്‍റെ കാലാവധി കഴിയുന്നതെങ്കിൽ സ്ഥിതി ഗുരുതരമാകും. എക്സിറ്റ് പാസ് റദ്ദാക്കുകയും ഒഴിവാക്കപ്പെട്ട പിഴ പുനഃസ്ഥാപിക്കുകയും ചെയ്യും. പ്രവേശന നിരോധനവും നേരിടേണ്ടി വരും.

റസിഡൻസി വിസാ കാലാവധി പൂർത്തിയായ ശേഷം പല കാരണങ്ങളാൽ രാജ്യത്ത് തങ്ങുന്ന അനേകം പേരുണ്ട്. അവരിൽ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ ലഭിച്ചവർ സാധാരണ രീതിയിൽ വിസാ കാലാവധിക്ക് ശേഷമുള്ള ദിവസങ്ങൾക്ക് പിഴ നൽകേണ്ടി വരും. പ്രതിദിനം 50 ദിർഹം വീതമാണ് പിഴ ഒടുക്കേണ്ടത്. പൊതുമാപ്പ് ആരംഭിച്ചു കഴിഞ്ഞാൽ പിഴത്തുക ഒന്നുമില്ലാതെ അത്തരക്കാർക്ക് വിസാ പദവി മാറ്റാൻ സാധിക്കും. സാധുവായ താമസ വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന അനധികൃത താമസക്കാർക്ക് അതൊരു മികച്ച അവസരമാണ്. മറ്റേതെങ്കിലും കമ്പനി പ്രശ്നങ്ങൾ മൂലമോ, സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടോ കമ്പനി വിസയോ ഫാമിലി വിസയോ പുതുക്കാൻ വൈകിയവർക്കും ഈ അവസരം ഉപയോഗിക്കാം.

യു.എ.ഇയിൽ ചെക്ക് കേസിന്റെ ഭാഗമായോ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക വരുത്തിയാലോ ബാങ്കുകളുടെ പരാതിയെ തുടർന്ന് ചിലർക്ക് യാത്രാ നിരോധനം ഏർപ്പെടുത്താറുണ്ട്. ചില സാഹചര്യങ്ങളിൽ ഇവർക്ക് വിസ പുതുക്കാൻ സാധിക്കാതെ വന്നേക്കാം. അങ്ങനെയുള്ളവർക്കും പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും

Trending

No stories found.

Latest News

No stories found.