അയ്യപ്പഭക്തന്‍റെ തല അടിച്ചു പൊട്ടിച്ചെന്ന് വ്യാജ പ്രചരണം

തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇവർ കേരളത്തിലെന്ന രീതിയിൽ പ്രചരിപ്പിച്ചത്.
 വ്യാജ വിഡിയോയിൽ നിന്നുള്ള ദൃശ്യം
വ്യാജ വിഡിയോയിൽ നിന്നുള്ള ദൃശ്യം
Updated on

തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് അയ്യപ്പഭക്തന്‍റെ തല അടിച്ചുതകര്‍ത്തുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. തമിഴ്‌നാട്ടില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ശബരിമലയിലേതെന്ന പേരില്‍ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലുമുള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. വ്യാജ ഐഡികളിലൂടെയും മറ്റുമായി നിരവധി പ്രൊഫൈലുകളില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയൊ, സത്യം അറിഞ്ഞും അറിയാതെയും ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തല പൊട്ടിച്ചെന്ന് ക്യാപ്ഷനോടെ വ്യാജ വിഡിയൊ പ്രചരിപ്പിച്ചത്.

തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇവർ കേരളത്തിലെന്ന രീതിയിൽ പ്രചരിപ്പിച്ചത്. ട്രിച്ചി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്‍റ് കെ. അണ്ണാമലൈ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ശബരിമല ദർശനം കഴിഞ്ഞ് ശേഷം ട്രിച്ചിയിലെ ക്ഷേത്രത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികൾക്കാണ് സുരക്ഷാ ജീവനക്കാരുടെ മർദ്ദനമേറ്റത്. ഭക്തരെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.അയ്യപ്പഭക്തനെ ആക്രമിക്കുന്നുവെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നടന്ന സംഭവമല്ലെന്ന് കേരള പൊലീസ് അറിയിച്ചു. കേരളത്തിൽ നടന്നതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ടെന്നും കേരള പൊലീസ് വ്യക്തമാക്കി.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കുഞ്ഞ് കരയുന്ന ഫോട്ടോ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ വ്യാപകമായി പ്രചാരണം നടന്നിരുന്നു. അച്ഛനെ അല്പനേരത്തേക്ക് കാണാതായതോടെയാണ് കുട്ടി വിഷമിച്ച് കരഞ്ഞതെന്നും, തുടര്‍ന്ന് അച്ഛനെ കണ്ടശേഷം സന്തോഷത്തോടെ യാത്രയായെന്നുമുള്ള വീഡിയോ പുറത്തുവന്നിട്ടും ഇതേ പ്രചാരണം ഇപ്പോഴും പല പ്രൊഫൈലുകളും തുടരുന്നുണ്ട്. എറണാകുളത്ത് നടന്ന പൊലീസ് മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ശബരിമലയില്‍ നടന്നതാണെന്ന് പറഞ്ഞ് കഴി‍ഞ്ഞ വര്‍ഷങ്ങളില്‍ വ്യാജ പ്രചാരണം നടന്നിരുന്നു.

Trending

No stories found.

Latest News

No stories found.