സന്നിധാനം: മണ്ഡലകാലം ആരംഭിച്ചതിനു ശേഷം സന്നിധാനത്തു നിന്ന് ഇതുവരെ 33 പാമ്പുകളെ പിടികൂടിയതായി വനം വകുപ്പ്. 5 അണലി ഉൾപ്പെടെ 33 പാമ്പുകളെയും, കൂടാതെ 14 കാട്ടുപന്നികളെയും പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടതായും വനം വകുപ്പ് വ്യക്തമാക്കി. തീർഥാടന കാലം സുരക്ഷിതമാക്കാൻ വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും വിശദീകരണം.
തീർഥാടന കാലത്തിനു മുന്നോടിയായി പരമ്പരാഗത പാതയിലെ അപകടകരമായ മരച്ചില്ലകളും കല്ലുകളും അടക്കം തടസം സൃഷ്ടിക്കുന്നവ നീക്കം ചെയ്തു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്‍റ് സ്കോഡുകളും ഉൾപ്പെടെ വനപാലകർ തീർഥാടകരുടെ സുരക്ഷ ഒരുക്കാനായി രംഗത്തുണ്ട്. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു.
സന്നിധാനത്തേക്ക് പരമ്പരാഗത പാത മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് പാതകൾ ഉപയോഗിക്കുന്നത് അപകടമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ആദിവാസി വിഭാഗത്തിൽ പെട്ടവരടക്കമുള്ളവരും വനം വകുപ്പിന്‍റെ ഇക്കോ ഗാർഡുകളും തീർഥാടകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുന്നുണ്ട്.