പാക് അധിനിവേശ കശ്മീരിൽ സംഘർഷം; വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു

വൈദ്യുതി ക്ഷാമവും വിലക്കയറ്റവും മൂലമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
പാക് അധിനിവേശ കശ്മീരിൽ സംഘർഷം; വെടിവയ്പ്പിൽ 3  പേർ കൊല്ലപ്പെട്ടു
Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ സംഘർഷത്തിനിടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുസാഫറാബാദിൽ പ്രക്ഷോഭം നടത്തിയ പ്രതിഷേധകാരികൾക്കെതിരേ സുരക്ഷാ സൈനികർ കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. സൈനികരുമായി പ്രതിഷേധകാരികൾ ഏറ്റുമുട്ടിയതോടെ ഉദ്യോഗസ്ഥർ വെടിയുതിർത്തതാണ് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയത്. വൈദ്യുതി ക്ഷാമവും വിലക്കയറ്റവും മൂലമാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രദേശത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാനായി എത്തിയ പാരാമിലിറ്ററി റേഞ്ചേഴ്സിനു നേരെ പ്രതിഷേധകാരികൾ തിരിഞ്ഞതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

അഞ്ച് ട്രക്കുകൾ അടക്കം 19 വാഹനങ്ങളിലായി എത്തിയ പാരാമിലിറ്ററി റേഞ്ചേഴ്സ് കൊഹാലയിൽ നിന്ന് പുറത്തേക്കു പോകാൻ ശ്രമിക്കുന്നതിനിടെ ഷോറൻ ഡാ നക്ക ഗ്രാമത്തിൽ വച്ച് പ്രതിഷേധകാരികൾ കല്ലേറു നടത്തി. ആക്രമണം കടുത്തതോടെയാണ് റേഞ്ചേഴ്സ് കണ്ണീർവാതകം പ്രയോഗിക്കാൻ നിർബന്ധിതരായത്.

പ്രതിഷേധകാരികളും പ്രാദേശിക സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി സബ്സിഡി ഇനത്തിലേക്ക് 23 ദശലക്ഷം പാക്കിസ്ഥാനി രൂപ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അനുവദിച്ചിരുന്നു. അതിനിടെയാണ് വെടിവയ്പ്പുണ്ടായത്.

Trending

No stories found.

Latest News

No stories found.