ലിങ്കൻ, കെന്നഡി; രക്തം ചിന്തിയ നാൾവഴികൾ

എബ്രഹാം ലിങ്കൻ ഉൾപ്പെടെ നാലു പ്രസിഡന്‍റുമാരാണ് അധികാരത്തിലിരിക്കെ വധിക്കപ്പെട്ടത്
4 us presidents have been killed in various attack
Updated on

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ തന്നെ സ്വാധീനിക്കുന്നതാകും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നേരേയുണ്ടായ വധശ്രമമെന്നാണ് വിലയിരുത്തൽ. പ്രായാധിക്യം വാക്കിലും പ്രവൃത്തിയിലും ബാധിച്ചത് ഡെമൊക്രറ്റ് സ്ഥാനാർഥിയും ഇപ്പോഴത്തെ പ്രസിഡന്‍റുമായ ജോ ബൈഡന്‍റെ ജനപ്രിയതയെ ബാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാന എതിരാളിയായ ട്രംപിന് വെടിയേറ്റത്. രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുമെന്ന പുതിയ മുദ്രാവാക്യമുയർത്താൻ ഈ വെടിവയ്പ്പ് റിപ്പബ്ലിക്കൻ പാർട്ടി അവസരമാക്കിയിട്ടുണ്ട്.

അതേസമയം, യുഎസ് ചരിത്രത്തിൽ ഇതാദ്യമല്ല നേതാക്കൾക്കു നേരേ വധശ്രമം. എബ്രഹാം ലിങ്കൻ ഉൾപ്പെടെ നാലു പ്രസിഡന്‍റുമാരാണ് അധികാരത്തിലിരിക്കെ വധിക്കപ്പെട്ടത്. നിരവധി പ്രസിഡന്‍റുമാർ വധശ്രമത്തിൽ നിന്ന് പരുക്കുകളോടെ രക്ഷപെട്ടു. 1776 മുതലുള്ള യുഎസ് ചരിത്രത്തിലെ വെടിവയ്പ്പുകളുടെ നാൾവഴി ഇങ്ങനെ.

എബ്രഹാം ലിങ്കൻ

പതിനാറാം യുഎസ് പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കൺ 1865 ഏപ്രിൽ 14നാണു കൊല്ലപ്പെട്ടത്. വാഷിങ്ടണിലെ ഫോർഡ് തിയറ്ററിൽ ഭാര്യ മേരി ടോഡ് ലിങ്കനൊപ്പം ഒരു പരിപാടിക്കു സാക്ഷ്യം വഹിക്കുമ്പോൾ അക്രമി ജോൺ വിൽക്ക് ബൂത്ത് വെടിവയ്ക്കുകയായിരുന്നു. കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടതായിരുന്നു ആക്രമണത്തിനു കാരണം. അക്രമിയെ പിന്നീട് വധിച്ചു. ‌‌‌‌‌

ജയിംസ് എ. ഗാർഫീൽഡ്

ഇരുപതാം പ്രസിഡന്‍റായിരുന്ന ജയിംസ് എ ഗാർഫീൽഡിന് വാഷിങ്ടണിലെ റെയ്‌ൽവേ സ്റ്റേഷനിൽ വച്ചാണ് വെടിയേറ്റത്. ട്രെയ്‌നിൽ കയറാൻ തുടങ്ങുമ്പോൾ അക്രമി ചാൾസ് ഗിറ്റ്യൂ വെടിവയ്ക്കുകയായിരുന്നു. ആഴ്ചകൾക്കുശേഷം അദ്ദേഹം മരിച്ചു.

വില്യം മക് ‌കിൻലി

1901 സെപ്റ്റംബർ ആറിനാണ് അന്നത്തെ പ്രസിഡന്‍റ് മക് കിൻലി ആക്രമിക്കപ്പെട്ടത്. ന്യൂയോർക്കിലെ ബഫല്ലോയിൽ പ്രസംഗശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. തുടക്കത്തിൽ കിൻലി രക്ഷപെടുമെന്നു പ്രതീക്ഷിച്ചു. എന്നാൽ, സെപ്റ്റംബർ 14ന് മരിച്ചു.

ജോൺ എഫ്. കെന്നഡി

1963 നവംബറിൽ ഡാലസിലൂടെ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് കെന്നഡിക്കു വെടിയേറ്റു മരിച്ചത്. ഭാര്യയും പ്രഥമ വനിതയുമായ ജാക്വലിൻ കെന്നഡി, അന്നത്തെ ടെക്സാസ് ഗവര്‍ണര്‍ ജോണ്‍ കന്നാലി, കന്നാലിയുടെ ഭാര്യ നെല്ലി കന്നാലി എന്നിവർ അടുത്തു നിൽക്കുമ്പോഴായിരുന്നു കെട്ടിടത്തിനു മുകളിൽ നിന്ന് അക്രമി ലീ ഹാര്‍വി ഓസ്വാള്‍ഡ് വെടിയുതിർത്തത്.

ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്

1933 ഫെബ്രുവരിയിൽ മയാമിയിൽ തുറന്നവാഹനത്തിൽ പ്രസംഗിക്കുമ്പോൾ വെടിയേറ്റ റൂസ്‌വെൽറ്റ് തലനാരിഴയ്ക്കാണ് മരണത്തിൽ നിന്നു രക്ഷപെട്ടത്.

ഹാരി എസ് ട്രൂമാൻ

വൈറ്റ് ഹൗസിന് ഒരു വിളിപ്പാടകലെയുള്ള ബ്ലെയർ ഹൗസിൽ വച്ചാണ് ട്രൂമാനെതിരേ വധശ്രമമുണ്ടായത്. എന്നാൽ, തോക്കുമായെത്തിയ രണ്ട് അക്രമികളെയും വൈറ്റ് ഹൗസ് പൊലീസ് കീഴടക്കി. ഒരാളെ വെടിവച്ചു കൊന്നു.

ജെറാൾഡ് ഫോർഡ്

1975ൽ ജെറാൾഡ് ഫോർഡ് ആഴ്ചകൾക്കിടെ നേരിട്ടത് രണ്ടു വധശ്രമം. എന്നാൽ, രണ്ടിലും അദ്ദേഹത്തിനു നേരിയ പരുക്കുപോലുമുണ്ടായില്ല. ആദ്യത്തേത് സാക്രമെന്‍റോയിൽ കാലിഫോർണിയൽ ഗവർണറെ കാണാൻ പോകുമ്പോഴായിരുന്നു. ജനക്കൂട്ടത്തിനിടയിൽ നിന്നു നീട്ടിയ തോക്ക് പൊട്ടാതിരുന്നതിനാൽ ഫോർഡ് രക്ഷപെട്ടു. 17 ദിവസത്തിനുശേഷം സാൻഫ്രാൻസിസ്കോയിൽ വെടിവയ്പ്പുണ്ടായെങ്കിലും ലക്ഷ്യം തെറ്റിയതിനാൽ ഫോർഡിന്‍റെ ആ‍യുർരേഖയെ തൊടാനായില്ല.

റൊണാൾഡ് റീഗൻ

1981 മാർച്ചിൽ വാഷിങ്ടണിൽ ഒരു പ്രസംഗപരിപാടിക്കു ശേഷം മടങ്ങിയ റൊണാൾഡ് റീഗന്‍റെ വാഹനവ്യൂഹത്തിനു നേർക്കു വെടിവയ്പ്പുണ്ടായി. മൂന്ന് പേർ മരിച്ചു. റീഗൻ തലനാരിഴയ്ക്ക് രക്ഷപെട്ടു.

ജോർജ് ഡബ്ല്യു ബുഷ്

2005ൽ ജോർജിയൻ പ്രസിഡന്‍റ് മിഖായിൽ സകാഷ്‌വിലിക്കൊപ്പം ടിബ്ലിസിയിലെ റാലിയിൽ പങ്കെടുക്കുമ്പോൾ ഗ്രനേഡ് ആക്രമണമുണ്ടായി. ഗ്രനേഡ് പൊട്ടിത്തെറിച്ചത് 100 മീറ്റർ അകലെയായതിനാൽ അപകടം ഒഴിവായി.

തിയോഡർ റൂസ്‌വെൽറ്റ്

1912ൽ രണ്ടു തവണ യുഎസ് പ്രസിഡന്‍റായിരുന്ന തിയോഡർ റൂസ്‌വെൽറ്റ് മൂന്നാം തവണ സ്ഥാനാർഥിയായിരിക്കെ 1912ൽ വെടിയേറ്റിരുന്നു. മിൽവോക്കിയിൽ പ്രചാരണത്തിനിടെയായിരുന്നു സംഭവം.

റോബർട്ട് എഫ്. കെന്നഡി

ഡെമൊക്രറ്റ് പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള പ്രചാരണത്തിനിടെയാണ് റോബർട്ട് എഫ്. കെന്നഡി വെടിയേറ്റ് മരിക്കുന്നത്. ജോൺ എഫ്. കെന്നഡിയുടെ സഹോദരനായിരുന്നു റോബർട്ട്. 1968ൽ കൊല്ലപ്പെടുമ്പോൾ കാലിഫോർണിയ പ്രൈമറിയിൽ വിജയിച്ചതിന്‍റെ ആഘോഷത്തിലായിരുന്നു അദ്ദേഹം.

Trending

No stories found.

Latest News

No stories found.