വലതുപക്ഷത്തിന് തിരിച്ചടിയായ പോളണ്ട് തെരഞ്ഞെടുപ്പ്

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വലുതുപക്ഷം അധികാരത്തില്‍ വരുന്ന സ്ഥിതിക്ക് ഇപ്പോള്‍ മാറ്റമുണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്.
വലതുപക്ഷത്തിന് തിരിച്ചടിയായ പോളണ്ട് 
തെരഞ്ഞെടുപ്പ്
Updated on

അഡ്വ. ജി. സുഗുണന്‍

മധ്യ യൂറോപ്പിലെ ഒരു വിസ്തൃത രാജ്യമാണ് പോളണ്ട്. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം ആ രാജ്യത്തിന് അവകാശപ്പെടാനുണ്ട്. ഒട്ടേറെത്തവണ വൈദേശിക ആക്രണമങ്ങള്‍ക്ക് പോളണ്ട് വിധേയമായി. രണ്ടാം ലോക മഹായുദ്ധത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊലചെയ്യപ്പെട്ടു. ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ചെക്കോസ്ലോവാക്യ, യുക്രൈയിന്‍, ബലാറസ്, ലിത്വാനിയ എന്നിവയാണ് പോളണ്ടിന്‍റെ അയല്‍ രാജ്യങ്ങള്‍. ബാള്‍ട്ടിക് കടലുമായി ഈ രാജ്യത്തിന് നീണ്ട തീരമുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948ഓടെ പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കപ്പെട്ടു. സോവ്യറ്റ് റഷ്യയുടെ നിയന്ത്രണങ്ങള്‍ അന്ന് ഈ രാജ്യത്തിനുണ്ടായിരുന്നു. 1950കളോടെ സോവ്യറ്റ് നയങ്ങള്‍ക്കെതിരായി പോളണ്ടില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി. പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ 1978ല്‍ മാര്‍പ്പാപ്പയായി. കൂടുതല്‍ മതസ്വാതന്ത്ര്യം അനുവദിക്കാന്‍ അദ്ദേഹം പോളണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന ജീവിതച്ചെലവും ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യവും പോളണ്ടിലെ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. 1976ല്‍ വില വര്‍ധനവിനെതിരായി ആ രാജ്യത്ത് വലിയ ഒരു കലാപം തന്നെ നടന്നു.

1980ല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെട്ടു. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ അനുവദിക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. "സോളിഡാരിറ്റി'എന്ന പേരില്‍ രാജ്യത്ത് പുതിയ ഒരു ട്രേഡ് യൂണിയന്‍ നിലവില്‍ വന്നു. ലാഗ് വലേസയായിരുന്നു അതിന്‍റെ തലവന്‍. സോളിഡാരിറ്റിക്ക് അക്കാലത്ത് തൊഴിലാളികളുടെ വലിയ പിന്തുണയും ലഭിക്കുകയുണ്ടായി.

സോവ്യറ്റ് റഷ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് 1990ല്‍ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ടു. സാമ്പത്തിക പുരോഗതിയില്‍ യൂറോപ്പിലെ ഇടത്തരം രാജ്യങ്ങളിലൊന്നാണ് യൂറോപ്പ്. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യം രൂക്ഷമാണ്. പോളണ്ടിന്‍റെ പാര്‍ലമെന്‍റാണ് നാഷണല്‍ അസംബ്ലി. അതിനു രണ്ടു സഭകളുണ്ട്. അധോമണ്ഡലം "സെജ്ജം' എന്നറിയപ്പെടുന്നു. ഉപരിസഭയാണ് സെനറ്റ്. സെനറ്റില്‍ നിലവില്‍ 460 അംഗങ്ങളുണ്ട്. നാലു വര്‍ഷമാണ് ഇരു സഭകളുടേയും കാലാവധി.

സോവ്യറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ പോളണ്ട് അടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി സൈനിക ചേരിയാവാന്‍ വഴിയൊരുക്കിയതാണ് വാഴ്‌സായ് സന്ധി. 1955 മെയ് 14ന് അത് ഒപ്പുവയ്ക്കപ്പെട്ടു. മുതലാളിത്ത രാജ്യങ്ങള്‍ ചേര്‍ന്ന് 1949ല്‍ രൂപം നല്‍കിയ നോര്‍ത്ത് അത്‌ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന് (നാറ്റോ) ബദല്‍ എന്ന് നിലയ്ക്കാണ് വാഴ്‌സായി സന്ധി നിലവില്‍ വന്നത്. സോവ്യറ്റ് യൂണിയന്‍, പോളണ്ട്, കിഴക്കന്‍ ജര്‍മനി, ചെക്കോസ്ലോവാക്യ, ഹംഗറി, റുമേനിയ, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവയായിരുന്നു അംഗരാജ്യങ്ങള്‍. 1991 ജൂലൈ ഒന്നിന് ആ സഖ്യം ഇല്ലാതായി.

കഴിഞ്ഞ ദിവസം നടന്ന പോളണ്ട് പാര്‍ലമെന്‍റ് തിരഞ്ഞെുപ്പില്‍ ഭരണക്ഷിയായ "ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടി'ക്ക് ഭരണത്തുടര്‍ച്ച നഷ്ടമായിരിക്കുകയാണ്. വോട്ടുനിലയില്‍ മുന്നേറിയെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാനായില്ല. അതോടെ യൂറോപ്യന്‍ യൂണിയന്‍ അനുകൂല ലിബറല്‍ കൂട്ടായ്മയായ "സിവിക് കൊല്യൂഷന്‍' സര്‍ക്കാര്‍ രൂപവത്കരണത്തിനു ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. യാഥാസ്ഥിതിക ദേശീയവാദി കക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടി 35.38 ശതമാനവും സിവിക് കൊല്യൂഷന്‍ 30.7 ശതമാനം വോട്ടാണ് നേടിയത്. മധ്യ-വലതുപക്ഷ ആഭിമുഖ്യമുള്ള തേഡ് വേ 14.4 ശതമാനവും, ന്യൂ ലെഫ്റ്റ് പാര്‍ട്ടി 8.61 ശതമാനവും വോട്ടു നേടി. തീവ്ര വലതുപക്ഷ നിലപാടുള്ള വലതു മുന്നണിക്ക് 7.16 ശതമാനം വോട്ടു ലഭിച്ചു. ഭരണകക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടിക് ഭൂരിപക്ഷത്തിന് 41 സീറ്റിന്‍റെ കുറവാണുള്ളത്. സിവിക് കൊല്യൂഷനും ന്യൂ ലെഫ്റ്റും തേഡ് വേയും ചേര്‍ന്ന് സഖ്യ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വര്‍ഷമായി ഈ രാജ്യം ഭരിക്കുന്നത് ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടിക്കാണ്. ഈ പാര്‍ട്ടിയാണ് പ്രതീക്ഷിക്കാത്ത പരാജയം സംഭവിച്ചിരിക്കുന്നത്.

ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ജാരോസ്ലാവ് കസിന്‍സ്കി സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ഒട്ടും തന്നെയില്ല. സോവ്യറ്റ് പിന്തുണയുണ്ടായിരുന്ന പോളണ്ട് ഭരണകൂടം തകര്‍ന്ന ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവുമധികം പോളിങ് നടന്നത് ഇത്തവണയാണ്- 74.38 ശതമാനം. രാജ്യത്തിന്‍റെ ലിബറല്‍ സ്വഭാവം തകര്‍ത്ത കക്ഷിയാണ് ലോ ആൻഡ് ജസ്റ്റിസ്. നിലവില്‍ മത്യൂസ് മൊറാവിയകിയാണ് പോളിഷ് പ്രധാനമന്ത്രി.

നിലവിലുണ്ടായിരുന്ന ഭരണത്തില്‍ ഭരണഘടനാവിരുദ്ധമായി കോടതികളെപ്പോലും നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവിന്‍റെ ഭാഗമാക്കാനാണ് അവിടത്തെ ഭരണാധികാരികള്‍ ശ്രമിച്ചത്. പ്രതിപക്ഷ സ്വരങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊതു മാധ്യമസ്ഥാപനങ്ങളെ രാഷ്‌ട്രീയവത്കരിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മാധ്യമങ്ങളെയാകെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കുന്നതിനും, മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനുമുള്ള നീക്കങ്ങള്‍ ഭരണക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടി നടത്തിയിരുന്നു.

ഡൊണാള്‍ഡ് ടസ്‌ക് ആണ് അധികാരത്തിലെത്താന്‍ സാധ്യതയുള്ള സിവിക് കൊല്യൂഷന്‍ നേതാവ്. 2007-14 കാലത്ത് ഇദ്ദേഹം പോളിഷ് പ്രധാനമന്ത്രിയായിരുന്നു. 2014-19 കാലത്ത് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെയും, പ്രതിപക്ഷ വിജയത്തെയും തുടര്‍ന്ന് പോളണ്ട് കറന്‍സിയുടെ മൂല്യം വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തെ സ്ത്രീകളും യുവാക്കളും വലതുപക്ഷ ഭരണകക്ഷിക്കെതിരേയാണ് വിധിയെഴുതിയത്. 2020കളില്‍ പോളണ്ടിലെ സ്ത്രീകള്‍ സര്‍ക്കാരിനെതിരേ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. അബോര്‍ഷന് നിയമപരമായ അംഗീകാരം നല്‍കല്‍ അടക്കമുള്ള ആവശ്യങ്ങളാണ് അന്ന് ഈ പ്രക്ഷോഭകര്‍ ഉയര്‍ത്തിയിരുന്നത്. വോട്ടര്‍മാരില്‍ 52 ശതമാനവും അവിടെ സ്ത്രീകളാണ്.

ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കാനുള്ള അവസാന അവസരമായിരുന്നു ഈ തെരഞ്ഞെടുപ്പെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ജനങ്ങള്‍ അതു നടപ്പിലാക്കിയിരിക്കുകയാണ്. ഭരണകക്ഷിയുടെ ഹീനമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെയും തന്ത്രങ്ങളെയും അതിജീവിച്ചുകൊണ്ടാണ് പ്രതിപക്ഷം വിജയത്തിലേക്ക് മുന്നേറിയിരിക്കുന്നത്.

460 അംഗങ്ങളുള്ള പോളണ്ട് പാര്‍ലമെന്‍റില്‍ 248 പേരുടെ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. സെന്‍റര്‍ റൈറ്റ്, തേര്‍ഡ് വേ, ഇടതു പാര്‍ട്ടികള്‍ എന്നീ പാര്‍ട്ടികളടങ്ങുന്ന മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഡോണള്‍ഡ് ടസ്‌കിന് ഗവണ്‍മെന്‍റുണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വലുതുപക്ഷം അധികാരത്തില്‍ വരുന്ന സ്ഥിതിക്ക് ഇപ്പോള്‍ മാറ്റമുണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്‍റെ ഭാഗമായിത്തന്നെയാണ് പോളണ്ടിലെ തെരഞ്ഞെടുപ്പില്‍ വലുതുപക്ഷമായ ലോ ആൻഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ജനാധിപത്യ പാര്‍ട്ടികളും ഇടതുപക്ഷവും ചേര്‍ന്നുള്ള സഖ്യം അവിടെ അധികാരത്തില്‍ വരാന്‍ പോവുകയാണ്. യൂറോപ്പിലെ രാഷ്‌ട്രീയ രംഗത്തെ വലിയ മാറ്റങ്ങളുടെ തുടക്കമായി പോളണ്ടിലെ ഈ തെരഞ്ഞെടുപ്പിനേയും കാണാം.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.