ദുബായ്: ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ടോൾ ഗേറ്റുകൾ ഈ മാസം 24 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് ആർ ടി എ അറിയിച്ചു.ഇതോടെ ദുബായിലെ ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും. മെട്രോ, ബസുകൾ, സമുദ്ര ഗതാഗതം, സോഫ്റ്റ് മൊബിലിറ്റി എന്നിവയുൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളിലേക്ക് മാറാൻ ജനങ്ങളെ ടോൾ ഗേറ്റുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആർ ടി എ വ്യക്തമാക്കി. നിലവിലുള്ള ടോൾ ഗേറ്റുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും ദുബായിലെ മൊത്തം യാത്രാ സമയം പ്രതിവർഷം 6 ദശലക്ഷം മണിക്കൂർ ഇത് വഴി കുറയുന്നുണ്ടെന്നും ആർ ടി എ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
ടോൾ ഗേറ്റുകൾ വന്നതോടെ അൽ മക്തൂം, അൽ ഗർഹൂദ് പാലങ്ങളിലെ ഗതാഗതം 26% കുറയ്ക്കാൻ സാധിച്ചു.
ഷെയ്ഖ് സായിദ്, അൽ ഇത്തിഹാദ് റോഡുകളിലെ യാത്രാ സമയത്തിൽ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അൽ സഫ സൗത്ത്,നോർത്ത് ടോൾ ഗേറ്റുകൾക്കിടയിലുള്ള യാത്രകൾക്ക് , ഒരു മണിക്കൂറിനുള്ളിലാണ് കടന്നുപോകുന്നതെങ്കിൽ ,ഒറ്റത്തവണ ടോൾ നിരക്ക് നൽകിയാൽ മതിയാകും.
ബിസിനസ് ബേ ക്രോസിംഗ് ടോൾ ഗേറ്റ് ജബൽ അലിയിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്‌സ് റോഡിലേക്കും ഗതാഗതം തിരിച്ചു വിടാൻ സഹായിക്കുമെന്നാണ് ആർ ടി എ യുടെ വിലയിരുത്തൽ.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അൽ ഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ സാലിക് ഗേറ്റുകൾ 24 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചത്.
അൽ ഖൈൽ റോഡിലെ അൽ ജദ്ദാഫ്, ബിസിനസ് ബേ, സബീൽ, മൈദാൻ, അൽ ഖൂസ് 1, ഗാദിർ അൽ തായർ, ജുമൈറ വില്ലേജ് എന്നീ ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ 3,300 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളുടെ നിർമ്മാണവും 6,820 മീറ്റർ പാതകളുടെ വിപുലീകരണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 1.5 ദശലക്ഷം ആളുകൾക്ക് സേവനം നൽകുന്ന പദ്ധതി യാത്രാ സമയം 30% കുറക്കുകയും കവലകളുടെയും പാലങ്ങളുടെയും ശേഷി മണിക്കൂറിൽ ഏകദേശം 19,600 വാഹനങ്ങളായി വർധിപ്പിക്കുകയും ചെയ്തു.