ലോകം ഒരു മൂന്നാം മഹായുദ്ധത്തിലേക്ക് അടുക്കുകയാണോ?ആണെന്നാണ് വിദഗ്ധ നിരീക്ഷണങ്ങൾ പറയുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ ഇസ്രയേൽ-ഇറാൻ യുദ്ധവുമെല്ലാം അതിലേയ്ക്കു വിരൽ ചൂണ്ടുന്നു.
ഇസ്രയേൽ-പലസ്തീൻ യുദ്ധം പോലെയല്ല, ഇസ്രയേൽ-ഇറാൻ യുദ്ധം ലോക ജനതയ്ക്കാകെ ആശങ്ക പകരുന്നു. അതിനു തെളിവാണ് ഓഹരി വിപണിയിലും സ്വർണവിലയിലും ഉണ്ടായ ഏറ്റക്കുറച്ചിലുകൾ. വൻ തിരിച്ചടിയാണ് ഓഹരി വിപണിയിൽ ഉണ്ടായത്. എണ്ണ വിലയും സ്വർണ വിലയും മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചുയർന്നു.
യുദ്ധകാലങ്ങളിൽ ആഗോള സമ്പദ് വ്യവസ്ഥകളിലുണ്ടാകുന്ന നശീകരണ സ്വഭാവങ്ങളുടെ ലക്ഷണങ്ങളാണ് ഇപ്പോൾ നാം കണ്ടു വരുന്നത്. തകർച്ച നേരിട്ട ഓഹരി വിപണിയും എണ്ണ, സ്വർണ വിലകൾ കുതിച്ചുയർന്നതും ഇസ്രയേൽ-റഷ്യൻ -ഇറാൻ യുദ്ധങ്ങൾ നിന്നു പെയ്യുന്നതു കൊണ്ടാണ്.
യുദ്ധത്തിൽ മുഴുകിയിരിക്കുന്ന രാജ്യങ്ങളെ അനുനയിപ്പിക്കാൻ പോന്ന രാജ്യനേതൃത്വങ്ങൾ ഇപ്പോഴില്ല എന്നതാണ് ലോകം അനുഭവിക്കുന്ന ദുരന്തം. ഐക്യരാഷ്ട്ര സംഘടന എന്നൊന്നുണ്ടെങ്കിലും അതിന് വേണ്ട പോലെ പ്രതികരിക്കാനോ തീരുമാനങ്ങളെടുക്കാനോ നടപ്പാക്കാനോ ആവുന്നില്ല. അതു കൊണ്ടാവാം പല്ലില്ലാത്ത സംഘടന എന്നാണ് ഐക്യരാഷ്ട്ര സംഘടനയെ യുദ്ധ നിരീക്ഷകർ വിളിക്കുന്നത്.
ഇസ്രയേലിനെ ഇല്ലായ്മ ചെയ്യുക, ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്നതാണ് ഭീകര സംഘടനകളുടെ ഏകലക്ഷ്യം. അതു കൊണ്ടു തന്നെ ഇത് നിലനിൽപ്പിനുള്ള പോരാട്ടമാണ് ഇസ്രയേലിന്. മുസ്ലിം രാജ്യങ്ങളാകട്ടെ, തങ്ങളുടെ ജൂത വിരോധത്തിൽ നിന്ന് തെല്ലും പിന്നോട്ടില്ല താനും. ഇതാണ് മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്ക് വഴി തെളിക്കുന്ന മുഖ്യ കാരണം.
ഇറാന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉണ്ടെന്നും അവർ അത് മുമ്പേ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് വിദഗ്ധ യുദ്ധ നിരീക്ഷകരുടെ മതം. അത് മിഡിൽ ഈസ്റ്റിലെ ഇസ്രയേൽ - ഇറാൻ സംഘർഷം കൂടുതൽ അപകടകരമാക്കുന്നു.
നൂറ്റാണ്ടുകളായി തങ്ങളുടെ യഥാർത്ഥ വാഗ്ദത്ത ഭൂമിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ഇസ്രയേലിന്‍റെ നയം. യഹൂദന്മാർക്ക് അവരുടെ സ്വന്തം രാഷ്ട്രം എന്ന് വിളിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണിത്. ഇസ്രയേലിന്‍റെ ഭൂമിയിൽ ഒരു ഭാഗം പലസ്തീനികൾക്കു നൽകാൻ ഐക്യരാഷ്ട്ര സഭ ഉത്സാഹം കാട്ടിയെന്നും ഇസ്രയേലികൾ കരുതുന്നു.
ഇസ്രയേൽ എന്ന പുതിയ രാഷ്ട്രം സ്ഥാപിതമായ ദിവസം അത് അംഗീകരിക്കുകയും അന്നുമുതൽ അമേരിക്ക അതിന് പൂർണ പിന്തുണ നൽകുകയും ചെയ്തിരുന്നു. അന്ന് ഹാരി എസ്. ട്രൂമാൻ ആയിരുന്നു അമെരിക്കൻ പ്രസിഡന്‍റ്.
1948ൽ തങ്ങളുടെ വാഗ്ദത്ത ഭൂമിയായി ആ മരുഭൂമി ഐക്യരാഷ്ട്ര സേന ഇസ്രയേലിനു നൽകിയപ്പോൾ മുതൽ വളരെ കുറഞ്ഞ അംഗസംഖ്യയുള്ള ആ രാജ്യത്തിനു ചുറ്റുമുള്ള ഏഴോളം മുസ്ലിം രാജ്യങ്ങൾ ഒന്നിച്ച് ആക്രമിക്കുകയാണ് ഉണ്ടായത്. അതിനെയെല്ലാം അതിജീവിച്ചാണ് ഇസ്രയേൽ ഇന്നു കാണുന്ന നിലയിൽ തുടരുന്നത്. നിലനിൽപിനു വേണ്ടി മാത്രമായിരുന്നു ഭീകരതാവളങ്ങളായി മാറിയ മണ്ണ് കൈയേറിയതെന്നാണ് അവരുടെ വാദം.
ആദ്യ യുദ്ധത്തിൽ നിരവധി പലസ്തീനികൾ അഭയാർഥികളായി. 1967-ലെ യുദ്ധത്തിൽ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള ഈ പ്രദേശങ്ങൾ (ഗാസ മുനമ്പും വെസ്റ്റ് ബാങ്കും) ഇസ്രായേൽ കൈവശപ്പെടുത്തി, അത് പിന്നീട് ഇസ്രായേൽ പിടിച്ചെടുത്തു. ഈ യുദ്ധം പസ്തീനികളുടെ രണ്ടാമത്തെ പലായനത്തിലേക്ക് നയിച്ചു, അത് ഏതാണ്ട് അരലക്ഷത്തോളം ഉണ്ടായിരുന്നു. ഇന്നും ആ അറബ്-ഇസ്രയേൽ സംഘർഷം തുടരുന്നു.
ഹിസ്ബുള്ള-ഹമാസ്-ഇസ്രയേൽ സംഘർഷം ഉച്ചസ്ഥായിയിലാകാൻ കാരണം ഹിസ്ബുള്ള നേതാവ് ഹസൻ നസ്രുള്ളയുടെ കൊലപാതകമാണ്. അതാകട്ടെ ഇസ്രയേലിനെ മുച്ചൂടും തകർക്കാൻ ഒളിത്താവളത്തിൽ വച്ചു മീറ്റിങ് നടത്തുന്ന വേളയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇറാന്‍റെ ശക്തമായ പിന്തുണയുള്ള ഹിസ്ബുള്ള തലവന്‍റെ കൊലപാതകത്തെ തുടർന്ന് ഇറാൻ അതിന്‍റെ ഭൂഖണ്ഡാന്തര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ പ്രയോഗിച്ചത് ഇസ്രയേലികളുടെ ജീവനെടുത്തു.
തങ്ങൾക്ക് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് ഇസ്രയേൽ പറഞ്ഞെങ്കിലും ആറോളം പേരുടെ മരണത്തിനിടയാക്കിയ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ഇസ്രയേലിന്‍റെ അയൺഡ്രോമിനു തടുക്കാനാകാഞ്ഞതാണ് അമെരിക്ക ഇസ്രയേലിനു വേണ്ടി കളത്തിലിറങ്ങാൻ കാരണമായത്. ഇത് ഇസ്രയേൽ-ഇറാൻ രൂക്ഷിത യുദ്ധത്തിലേയ്ക്കു വഴി തെളിക്കാം.
അമെരിക്ക രംഗത്തിറങ്ങിയാൽ റഷ്യ ഇറാനു വേണ്ടി രംഗത്തിറങ്ങുമന്നത് സുനിശ്ചിതം. ലോകത്ത് ഏറ്റവും വലിയ ആണവായുധങ്ങളുള്ള രാഷ്ട്രമാണ് റഷ്യ. അതു കൊണ്ടു തന്നെ ഇസ്രയേലിന്‍റെ ആക്രമണം ഏതു രീതിയിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന യുദ്ധത്തിന്‍റെ ഭീകരത.
ഇറാന്‍റെ എണ്ണപ്പാടങ്ങളും ആണവ കേന്ദ്രങ്ങളുമാണ് ഇസ്രയേലിന്‍റെ ലക്ഷ്യങ്ങൾ. ഈ രണ്ടു ലക്ഷ്യങ്ങളിലേയ്ക്കുമുള്ള ആക്രമണങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതു ലോകത്താകെ പ്രതിഫലിക്കും. തങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ, ആഭ്യന്തര സുരക്ഷയിൽ ഇസ്രയേൽ കൈ വച്ചാൽ ഇറാൻ അടങ്ങിയിരിക്കില്ല.
ഇറാനെ ആക്രമിച്ചാൽ കൂടുതൽ പ്രഹര ശേഷിയുള്ള മിസൈലുമായി റഷ്യ എത്തുമെന്ന് ഇസ്രയേലിന് ശക്തമായ താക്കീതു നൽകിക്കഴിഞ്ഞു. റഷ്യയെ പ്രതിരോധിക്കാൻ ഇസ്രയേലിനാകുമോ എന്നു കണ്ടറിയണം.
ജോർദാൻ, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളും ഇസ്രായേലിനെ പാഠം പഠിപ്പിക്കാൻ കൈകോർത്തേക്കാം. ശത്രുക്കൾക്ക് എതിരായ ഇത്തരം സംയുക്ത പ്രവർത്തനങ്ങൾ നേരത്തെ പരാജയപ്പെട്ടിരുന്നു എങ്കിലും അറബികളിലെ ജൂത വിരോധം ഒരിക്കലും അടങ്ങാത്തതായതിനാൽ സാധ്യമായ അവസരങ്ങളിലെല്ലാം അവർ തിരിച്ചടിച്ചേക്കാം.
അടുത്ത കാലത്തായി ഉത്തര കൊറിയയുമായി റഷ്യ നടത്തിയ നയതന്ത്ര നീക്കങ്ങളും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. റഷ്യക്കു പുറമേ ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഇസ്രയേലിനെതിരെ തിരിയാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഇതൊരു മൂന്നാം ലോകമഹായുദ്ധമായി മാറുകയും ചെയ്യും.