അഡ്വ. ജി. സുഗുണന്
20ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ, ലോക ഭൂവിസ്തൃതിയുടെ നാലിലൊന്ന് നിയന്ത്രണത്തില്‍ വച്ചിരുന്ന സാമ്രാജ്യ ശക്തിയായിരുന്നു യുണൈറ്റഡ് കിംങ്ഡം (യുകെ). ലോകത്തിലെ നാലിലൊന്നോളം ജനതകളും ഇവരുടെ ഭരണത്തിന് കീഴിലായിരുന്നു. "സൂര്യനസ്തമിക്കാത്ത സാമ്രാജ്യം' എന്നറിയപ്പെട്ടിരുന്ന യുകെയ്ക്ക് 2 ലോകയുദ്ധങ്ങളുടെ ഫലമായി പ്രതാപം നഷ്ടമായി. ലോകത്ത് പുതിയ വന്‍ശക്തികള്‍ ഉദയം ചെയ്തെങ്കിലും സാമ്പത്തിക, സൈനിക രംഗങ്ങളില്‍ ഒരു നിർണായക രാജ്യമായി അവർ ഇപ്പോഴും തുടരുകയാണ്.
യൂറോപ്പ് വന്‍കരയില്‍ നിന്ന് വേര്‍പെട്ട് പടിഞ്ഞാറു ഭാഗത്തായി അറ്റ്ലാന്റിക് സമുദ്രത്തിലാണ് യുകെ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ പ്രധാന ഭാഗം ഗ്രേറ്റ് ബ്രിട്ടനാണ്. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപാണിത്. ലോക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സാമ്രാജ്യത്തിന് ഉടമകളായിരുന്നു ബ്രിട്ടീഷുകാര്‍. എന്നാലിന്ന് സമ്പത്ത് വ്യവസ്ഥയില്‍ അതിന്റെ 5 -ാം സ്ഥാനവും നഷ്ടപ്പെട്ടിരിക്കുകയാണ്.
1707ല്‍ മെയ് ഒന്നിനാണ് കിംങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന് നിലവില്‍ വന്നത്. 1706 ജൂലൈയില്‍ യൂണിയന് സന്ധി (Treety of Union) പ്രകാരം ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസ് എന്നിവ കൂടിച്ചേര്‍ന്നാണ് ഗ്രേറ്റ് ബ്രിട്ടന് ആയത്. 1801ല്‍ അയര്‍ലൻഡും കൂടി ചേര്‍ന്നതോടെ ഗ്രേറ്റ് ബ്രിട്ടന് യുണൈറ്റഡ് കിങ്ഡം ആയിമാറി. ഇപ്പോള്‍ വടക്കന്‍ അയര്‍ലൻഡ് മാത്രമേ യുകെയുടെ ഭാഗമായുള്ളൂ.
ഇംഗ്ലണ്ടിലെ രാജാവിന്റെ അധികാരങ്ങള്‍ വ്യക്തമായ പരിമിതികള്‍ കല്‍പ്പിച്ച ആദ്യത്തെ രേഖയാണ് 1215ലെ മാഗ്നാ കാര്‍ട്ട. ജോണ്‍ രാജാവിനെ കൊണ്ട് ജനങ്ങള്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിച്ച പ്രമാണമാണിത്. മാഗ്നാ കാര്‍ട്ട അന്യായമായി വ്യക്തികളെ തടങ്കലില്‍ വയ്ക്കുന്നതില്‍ നിന്നും സ്വേച്ഛാധിപരമായി നികുതി പിരിക്കുന്നതില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്കി.
ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ അനുകരിക്കുന്നത് ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായമാണ്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ പാര്‍ലമെന്റുകളുടെ മാതാവ് എന്ന് വിളിക്കുന്നു. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലാണ് ബ്രിട്ടന് എന്നാണ് പറയപ്പെടുന്നത്.
ഇംഗ്ലണ്ടില്‍ പാര്‍ലമെന്റ് പിറവിയെടുത്തത് 11ാം നൂറ്റാണ്ടില്‍ ഹെന്‍ട്രി ഒന്നാമന്റെ ഭരണകാലത്താണ്. അക്കാലത്ത് രൂപംകൊണ്ട് കുലീനരുടെയും സഭാ മേലധ്യക്ഷരുടേയും സമിതി 13ാം നൂറ്റാണ്ടു മുതലാണ് പാര്‍ലമെന്റ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അക്കാലത്ത് പാര്‍ലമെന്റിന് വലിയ അധികാരങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ രാജാക്കന്മാരുടെ ധൂര്‍ത്തിനായി പണം അനുവദിക്കാന്‍ പാര്‍ലമെന്റ് തയാറാകാത്തത് രാജാവും പാര്‍ലമെന്റും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചു.
കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് 1640ല്‍ ചാള്‍സ് ഒന്നാമന് രാജാവ് പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ നിര്‍ബന്ധിതനായി. ഷിപ്പ് മണി എന്ന പേരില്‍ ചുമത്തിയ നികുതി നിര്‍ത്തല്‍ ചെയ്യാന്‍ പാര്‍ലമെന്റ് രാജാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ 1642ല്‍ ഇംഗ്ലണ്ടിൽ ആഭ്യന്തര യുദ്ധത്തിന് കാരണമായി. വര്‍ഷങ്ങളോളം തുടര്‍ന്ന യുദ്ധത്തിനൊടുവില്‍ 1649ല്‍ കലാപകാരികള്‍ ചാള്‍സ് രാജാവിനെ പിടികൂടി വധിച്ചു. രാജാവും പാര്‍ലമെന്റുമായി ഉണ്ടായ അധികാര വടംവലിയില്‍ പാര്‍ലമെന്റ് വിജയിക്കുകയും റിപ്പബ്ലിക്ക് സ്ഥാപിതമാകുകയും ചെയ്തു.
ചാള്‍സ് ഒന്നാമന് വധിക്കപ്പെട്ടതിനു ശേഷം ഇംഗ്ലണ്ടില്‍ നിലവില്‍ വന്ന റിപ്പബ്ലിക് 11 വര്‍ഷമേ നീണ്ടു നിന്നുള്ളൂ. സമരത്തിന് നേതൃത്വം നിന്നിരുന്ന ഒലിവര്‍ ക്രോംവെല്‍ മരണമടഞ്ഞതിനു ശേഷം ചാള്‍സ് രാജാവിന്റെ മകന് ചാള്‍സ് രണ്ടാമന് രാജാവായി. തുടര്‍ന്ന് വീണ്ടും രാജഭരണം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇതിനെതിരെ ജനരോക്ഷം ഇരമ്പി. 1688ല്‍ ഇംഗ്ലണ്ടിലെ രാഷ്ട്രീയ നേതാക്കള്‍ ഓറഞ്ച് സ്റ്റേറ്റിലെ വില്യമിനേയും ഭാര്യ മേരിയേയും രാജാവും രാജ്ഞിയുമാവാന് ക്ഷണിച്ചു. അവര്‍ ഇംഗ്ലണ്ടിലെത്തുകയും ഇംഗ്ലണ്ടിലെ രാജാവ് ഫ്രാന്‍സിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ബില്‍ ഓഫ് റൈറ്റ്സ് എന്ന അവകാശ പ്രഖ്യാപനവും, പാര്‍ലമെന്റിന്റെ പരമാധികാരവും വില്യം അംഗീകരിച്ചു. പാര്‍ലമെന്റിന്റെ പരമാധികാരം, ജനാധിപത്യം എന്നിവ വിളമ്പരം ചെയ്ത ഇംഗ്ലണ്ടിലെ ഈ വിപ്ലവം "രക്ത രഹിത വിപ്ലവം, മഹത്തായ വിപ്ലവം' എന്നിങ്ങനെ അറിയപ്പെടുന്നു.
പൗരാവകാശങ്ങളും, ജനാധിപത്യഅവകാശങ്ങളും സംരക്ഷിക്കാൻ പതിനായിരങ്ങള്‍ പങ്കെടുത്ത വലിയ പ്രക്ഷോഭങ്ങളും സായുധ കലാപങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബ്രിട്ടനില്‍ നടന്നിട്ടുണ്ട്. അവയുടെ ഫലമായാണ് ജനാധിപത്യവും പാര്‍ലമെന്റുമെല്ലാം അവിടെ സ്ഥാപിക്കാന്‍ രാജാവ് തന്നെ നിര്‍ബന്ധിതനായി തീരുന്നത്. പലപ്പോഴും രാജാവിനേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ നല്‍കിയിരുന്നത് പാര്‍ലമെന്റിനും, മന്ത്രിസഭയ്ക്കും തന്നെയാണ്. അന്ധമായ രാജഭക്തി ബ്രിട്ടണിലില്ല എന്നർഥം.
ഏഴു പതിറ്റാണ്ടു കാലത്തെ നീണ്ട ഭരണത്തിനു ശേഷം എലിസബത്ത് രാജ്ഞി വിടപറഞ്ഞപ്പോള്‍ തന്നെ രാജഭരണം അവസാനിപ്പിക്കേണ്ട സമയമായിരിക്കുകയാണെന്ന് ഒരുകൂട്ടം ജനങ്ങൾ വിളിച്ചുപറയാന്‍ തുടങ്ങിയിരുന്നു. രാജ്ഞിയുടെ അന്ത്യകര്‍മങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിനിടെ തന്നെ രാജ്യത്ത് രാജഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധങ്ങള്‍ വ്യാപകമായി. ഒരു കുടുംബത്തിന് ജനങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ അധികാരം നല്കുന്ന പ്രാകൃത സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലുതും ചെറുതുമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. രാജ്ഞി മരിച്ചതോടെ മകന് ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണ്? അദ്ദേഹം ജനസമ്മതിയില്ലാത്തയാളാണ് എന്ന് പ്രക്ഷോഭകര്‍ പറയുന്ന ദൃശ്യങ്ങള്‍ അന്തരാജ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. രാജഭരണം അവസാനിപ്പിക്കണമെന്നും, മറ്റ് ജനാധിപത്യ രാജ്യങ്ങളിലെന്ന പോലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജ്യത്തലവനാകുന്ന സംവിധാനം കൊണ്ടുവരണമെന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രചരണം നടക്കുകയും ചെയ്തു.
അന്നുതന്നെ പ്രതിഷേധം നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റേയും, കൈയേറ്റം ചെയ്യുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്കോട്ട്ലാൻഡിലെ എഡിന്‍ബെറോയില്‍ ആന്‍ഡ്രൂ രാജകുമാരനെ തടയാന്‍ ശ്രമിച്ചു എന്ന് കാണിച്ച് 22 വയസുകാരനെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ചാള്‍സ് എന്റെ രാജാവല്ല എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം നടത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് രാജ്ഞിയോ രാജാവോ രാജ്യത്തലവനായുള്ള മറ്റു രാജ്യങ്ങളിലും ഈ സംവിധാനം അവസാനിപ്പിക്കണമെന്നുള്ള ആവശ്യം ഉയരുന്നുണ്ട്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും ഈ വിഷയം ചര്‍ച്ചയായിരുന്നു.
ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ സ്വത്തുള്ള വ്യക്തിയാണ് പുതുതായി രാജാവായി കിരീടധാരണം ചെയ്ത ചാള്‍സ് മൂന്നാമന്. 23 രാജ്യങ്ങളിലായി 1,35,000 ഏക്കര്‍ ഭൂമിയാണ് ചാള്‍സിന്റെ പേരിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ വ്യക്തിപരമായ സമ്പാദ്യം 340 ദശലക്ഷം പൗണ്ടാണത്രേ. രാജവാഴ്ചയോട് ഏറ്റുമുട്ടി വളര്‍ന്നു വികസിച്ച് ബ്രിട്ടനിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാജകുടുംബാംഗങ്ങളുടെ മൂലധന താല്പര്യത്തിന് കൂട്ടുനില്‍ക്കുന്നുവെന്നത് ബ്രിട്ടീഷ് ജനാധിപത്യത്തെ ഒരിക്കലും ശക്തിപ്പെടുത്തുകയില്ലെന്ന് ഉറപ്പിച്ചുപറയേണ്ടിവരും.
40ാമത് ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന് കീരീടധാരിയായി. വെസ്റ്റ്മിനിസ്റ്റര്‍ ആബീയില് നടന്ന ചടങ്ങുകള്‍ക്ക് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് നേതൃത്വം നല്‍കിയത്. കീരീടധാരണത്തിന് മുന്നോടിയായി യുകെയിലെ പ്രമുഖ റിപ്പബ്ലിക് പ്രസ്ഥാനത്തിന്റെ തലവനും രാജവാഴ്ച വിരുദ്ധ പ്രസ്ഥാനത്തിന്റെ മറ്റു സംഘാടകരും അറസ്റ്റിലായി. രാജാവിന് പകരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ രാജ്യത്തലവനാക്കണമെന്ന് വാദിക്കുന്ന റിപ്പബ്ലിക് ഗ്രൂപ്പ് തലവന്‍ ഗ്രഹാം സ്മിത്ത് ഉല്പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
1983ല്‍ രൂപംകൊണ്ട സംഘടനയാണ് റിപ്പബ്ലിക്. 2006 മുതലാണ് രാജവാഴ്ച അവസാനിപ്പിക്കണമെന്ന് പ്രചാരണം സംഘം ശക്തമാക്കുന്നത്. 2010 തുടക്കത്തോടെ ഇവര്‍ക്ക് പിന്തുണയേറി. ബ്രിട്ടണിലെയും ഒസ്ട്രേലിയയിലെയും കാഷ്യല്‍ പാര്‍ട്ടിയുടെ ഭാഗമായിരുന്ന ഗ്രഹാം സ്മിത്ത് 2005 മുതല്‍ റിപ്പബ്ലിക്കിന്റെ നേതാവാണ്. ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ ചാള്‍സിന് ഘോഷയാത്ര നടത്താനും കിരീടമണിയാനും വേണ്ടി 25 കോടി പൗണ്ട് ചിലവിടുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എലിസബത്ത് രാജ്ഞി മരിച്ച വേളയില്‍ ബ്രിട്ടണിലെ പ്രമുഖ പത്രമായ "ഗാര്ഡിയന്' എഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി-""പരമ്പരാഗതമായി ലഭിച്ച വിശേഷ അധികാരങ്ങളുടെ ബലത്തില്‍ നിര്‍മിക്കപ്പെട്ട രാജവാഴ്ച ആധുനിക യുഗത്തിന് യോജിച്ചതല്ല. അതിനാല്‍ മാറിയ, മാറിക്കൊണ്ടിരിക്കുന്ന രാജ്യമായ ബ്രിട്ടണില്‍ രാജവാഴ്ചയും മാറണമെന്ന കാര്യം അംഗീകരിച്ചേ മതിയാവൂ''.
സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷവും രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ഉന്നയിച്ചിരുന്നതാണ്. രാജവാഴ്ചയ്ക്ക് അന്ത്യമിടുക എന്ന ലക്ഷ്യത്തോടെയുള്ള റിപ്പബ്ലിക്കന്‍ പ്രസ്ഥാനം ബ്രിട്ടനില്‍ ശക്തി പ്രാപിച്ചുവരികയാണ്. യുവതലമുറയില്‍ രാജഭക്തി വളരെ കുറഞ്ഞിട്ടുണ്ട്. ദുഷ്പ്രഭുത്വത്തിന്റെ അവശിഷ്ടമാണ് രാജവാഴ്ചയെന്നും, അധികാരക്രമത്തിന്റെയും കൊള്ളയുടെയും വിശിഷ്ട സ്മാരകം കൂടിയാണിതെന്നുമുള്ള ഐറിഷ് സോഷ്യലിസ്റ്റും, ട്രേഡ് യൂണിയന് നേതാവുമായ ജെയിംസ് കൊണോലിയുടെ 1911ൽ പുറത്തുവന്ന നിരീക്ഷണം ഇന്ന് ഏറെ ചര്‍ച്ചയാകുന്നുണ്ട്.
വ്യവസായി വിപ്ലവവും മറ്റ് ബൂര്‍ഷ്വാ വിപ്ലവങ്ങളും കാര്യമായി നടന്നിട്ടുള്ളത് ബ്രിട്ടനിലാണ്. എന്നാല്‍ ഈ വിപ്ലവത്തിന്റെ നേട്ടങ്ങള്‍ പലതും നിലനിര്‍ത്താന്‍ അവർക്കു കഴിയാതെ പോയി. ഫ്രാന്‍സില്‍ ഉദയം ചെയ്ത റിപ്പബ്ലിക്കന്‍ ഭരണസംവിധാനമല്ല ഇംഗ്ലണ്ട് പിന്തുടര്ന്നത്. അതുകൊണ്ടു തന്നെ രാജഭരണത്തിന് കാര്യമായ പരിക്കൊന്നും അവിടെ ഏറ്റിട്ടുമില്ല. എന്നാല്‍, ബ്രിട്ടീഷ് രാജാവും കുടുംബാംഗങ്ങളും നടത്തുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സംബന്ധിച്ചും വന്‍ നിക്ഷേപങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ "പാരഡൈസ് പേപ്പേഴ്സ് ' പുറത്തുവിട്ടിട്ടുണ്ട്. ആപ്പിള്‍, നൈക്ക് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കായമന് ദ്വീപില്‍ വ്യാജ കമ്പനികളുടെ മേല്‍വിലാസത്തില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതില്‍ ബ്രിട്ടീഷ് രാജകുടുംബം നടത്തിയ വന്നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങളുമുണ്ടായിരുന്നു.
ആഗോള ബാങ്കുകളും, പ്രൊഫഷണല്‍ സംഘടനകളും, പബ്ലിക് റിലേഷന്‍സ് ഏജന്‍സിയുമൊക്കെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാനെജിരിയല് സംവിധാനം ബ്രിട്ടീഷ് രാജകുടുംബത്തിനുണ്ട്. 17ാം നൂറ്റാണ്ടു മുതല്‍ അടിമക്കച്ചവടത്തിലൂടെയും, അധിനിവേശ അതിക്രമത്തിലൂടെയും കുന്നുകൂട്ടിയ സമ്പത്താണ് രാജാധികാരത്തിന്റെ മൂലധന ശേഷിപ്പ്. വലിയ നിക്ഷേപങ്ങളുള്ള വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനമാണിത്. ഇന്ത്യയില്‍ നിന്ന് കടത്തിയ കോഹിനൂര്‍ രത്നമടക്കമുള്ള വന്‍ സ്വര്‍ണശേഖരം രാജകുടുംബത്തിനുണ്ട്.
ലോകത്തൊട്ടാകെ രാജഭരണത്തിനെതിരായും, റിപ്പബ്ലിക്ക് നിഷേധത്തിനെതിരായും വലിയ ജനകീയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ബ്രിട്ടീഷ് ജനത പൊതുവെ രാഷ്ട്രീയ പ്രബുദ്ധരും ഉല്പതിഷ്ണുക്കളുമാണ്. അതുകൊണ്ടുതന്നെ യുകെയില്‍ തുടരുന്ന രാജവാഴ്ചയ്ക്കെതിരായ പ്രതിഷേധത്തെ ഭരണാധികാരികള്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുകയില്ല. ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി (ടോറി) ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും രാജഭരണത്തിന് തത്വത്തിൽ എതിരും റിപ്പബ്ലിക്കന്‍ ഭരണഘടന വേണമെന്ന അഭിപ്രായമുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇന്നല്ലങ്കില്‍ നാളെ രാജഭരണത്തിനെതിരായ ഈ പ്രക്ഷോഭം വിജയിക്കാനാണു സാധ്യത.
(ലേഖകന്റെ ഫോണ്‍: 9847132428)