കൊളംബിയ: കൊളംബിയയിൽ രണ്ടാഴ്ച മുമ്പുണ്ടായ വിമാനപകടത്തിൽ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാലു കുട്ടികളെ ജീവനോടെ കണ്ടെത്തി. സൈന്യത്തിന്‍റെ ശ്രമകരമായ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താൻ സാധിച്ചത്. നാല് കുട്ടികളുടെ അമ്മയായ റനോക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. കുട്ടികളെ രക്ഷിക്കാനായത് രാജ്യത്തിന്‍റെ സന്തോഷമാണെന്ന് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ ട്വിറ്ററിലൂടെ അറിയിച്ചു.
മെയ് 1 നാണ് വിമാനം അപകടത്തിൽപ്പെടുന്നത്. കുട്ടികളടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ അമ്മയും പൈലറ്റടക്കം മൂന്നുപേർ അപകടത്തിൽ കൊല്ലപ്പെട്ടു.11 മാസം പ്രായമായ കുഞ്ഞിനു പുറമേ കാണാതായ 13 ,9,4 വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. ഇവർ വനത്തിനുള്ളിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. വിമാനത്തിനരികിൽ നിന്നു ലഭിച്ച അവശിഷ്ടങ്ങളിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടിട്ടുണ്ടെന്ന അനുമാനത്തിൽ സൈന്യം എത്തിയത്.
വിമാനം തകർന്നതിന്‍റെ ഔദ്യോഗിക കാരണം അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ, റഡാറുകളിൽ നിന്ന് വിമാനം അപ്രതൃക്ഷമാകുന്നതിന് മുമ്പ് പൈലറ്റ് എൻജിൻ തകരാർ റിപ്പോർട്ട് ചെയ്തതായി കൊളംബിയയുടെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചിട്ടുണ്ട്.