ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷം വഷളായി തുടരുന്നതിനിടെ ചാരവൃത്തിക്ക് ഉപയോഗിക്കുന്ന ചൈനീസ് കപ്പൽ മാലദ്വീപിലേക്കു നീങ്ങുന്നതായി വിവരം. ചൈനയിൽ നിന്നു പുറപ്പെട്ട കപ്പൽ ഇന്തോനേഷ്യൻ തീരം പിന്നിട്ടു കഴിഞ്ഞു. ഫെബ്രുവരി എട്ടിന് ഇതു മാലദ്വീപിന്‍റെ തലസ്ഥാനമായ മാലിയിലെത്തിച്ചേരുമെന്നാണ് കരുതുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ചാര സാന്നിധ്യം ഇന്ത്യക്ക് ആശങ്കയുളവാക്കുന്നതാണ്. സമുദ്രത്തിന്‍റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കുന്ന ഗവേഷണ കപ്പലാണിതെന്നാണ് ചൈനയുടെ ഔദ്യോഗിക ഭാഷ്യം.
എന്നാൽ, ഈ കപ്പൽ ഉപയോഗിച്ച് സമുദ്രാന്തർഭാഗങ്ങളെക്കുറിച്ച് നടത്തുന്ന പഠനത്തിലൂടെ, ഭാവിയിൽ മുങ്ങിക്കപ്പലുകളും വെള്ളത്തിൽ പ്രവർത്തിപ്പിക്കുന്ന ഡ്രോണുകളും മറ്റും ഉപയോഗിക്കാൻ ആവശ്യമായ വിവരങ്ങൾ ചൈനയ്ക്കു ലഭ്യമാകും.
പാക്കിസ്ഥാനിലെ കറാച്ചിയിലും ശ്രീലങ്കയിലെ ഹംബൻടോട്ടയിലും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലുമുള്ള തുറമുഖങ്ങളിൽ ചൈന നേരത്തെ തന്നെ സാന്നിധ്യം ഉറപ്പിച്ചിരുന്നതാണ്. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടിയിലുള്ള പാക് കടലിടുക്ക് ഒഴിവാക്കി ലങ്ക ചുറ്റി മാലിയിലെത്തുന്നതോടെ, സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ ഉപദ്വീപിൽ വിശാലമായൊരു ചാര ശൃംഖല തന്നെ സ്ഥാപിക്കാൻ ചൈനയ്ക്കു സാധിക്കും.
നേരത്തെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ ചില മന്ത്രിമാർ നടത്തിയ അവഹേളനപരമായ പരാമർശങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. ഇതെത്തുടർന്ന് മൂന്നു മന്ത്രിമാരെ സസ്പെൻഡ് ചെയ്യാൻ മാലദ്വീപ് ഭരണകൂടം തയാറായിരുന്നെങ്കിലും, മാലദ്വീപിന്‍റെ സുരക്ഷയ്ക്ക് ഇന്ത്യ നിയോഗിച്ചിട്ടുള്ള സൈനികരെ അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.