ഇന്ത്യാ വിരുദ്ധത 'ഉപേക്ഷിച്ച' ദിസനായകെ ലങ്കയെ നയിക്കുമ്പോൾ

ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയുടെ പാർട്ടിയായ ജെവിപിയുടെ മുഖമുദ്ര തന്നെയായിരുന്നു കടുത്ത ഇന്ത്യാ വിരുദ്ധത
Anura Kumara Dissanayake during an interaction with Indian foreign affairs Minister S Jaishankar during the former's India visit
ഇന്ത്യ സന്ദർശനവേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തുന്ന അനുര കുമാര ദിസനായകെ.
Updated on

ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയുടെ പാർട്ടിയായ ജെവിപിയുടെ മുഖമുദ്ര തന്നെയായിരുന്നു കടുത്ത ഇന്ത്യാ വിരുദ്ധത. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സമാധാന ഉടമ്പടിക്കെതിരേ ജെവിപി കടുത്ത പ്രക്ഷോഭം ആരംഭിച്ച 1987ലാണ് ദിസനായകെ ഈ പാർട്ടിയിൽ ചേരുന്നതു തന്നെ. അക്കാലത്ത് ഇന്ത്യയുമായുളള കരാറിനെ അനുകൂലിച്ച ഇതര പാർട്ടികളിലെ നേതാക്കളെ പലരെയും ജെവിപി പ്രവർത്തകർ കൊലപ്പെടുത്തി. ഇന്ത്യ ചതിച്ചെന്നായിരുന്നു ജെവിപിയുടെ ആരോപണം. പിന്നീടിങ്ങോട്ട് ഇന്ത്യയ്ക്കെതിരേ കടുത്ത നിലപാടുകളായിരുന്നു ജെവിപിക്കും ദിസനായകെയ്ക്കും.

എന്നാൽ, ഈ വർഷം തുടക്കത്തിൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിനു ശേഷം കാണാനായത് മറ്റൊരു ദിസനായകെയെയാണ്. ഇപ്പോൾ കടുത്ത ഇന്ത്യാ വിരുദ്ധത പറയാറില്ല, അനുയായികൾ എകെഡി എന്നു വിളിക്കുന്ന ദിസനായകെ. എന്നാൽ, യഥാർഥ നിലപാട് എന്താണെന്ന് ഇനിയുള്ള കാലം തെളിയിക്കേണ്ടിയിരിക്കുന്നു. ശ്രീലങ്കയുടെ ഉത്തര മധ്യ പ്രവിശ്യയിലെ തംബുട്ടെഗമ സ്വദേശിയാണ് ദിസനായകെ. ശാസ്ത്രത്തിൽ ബിരുദധാരി.

സായുധ വിപ്ലവം ഉപേക്ഷിച്ച ജെവിപി ജനാധിപത്യത്തോട് സമരസപ്പെട്ട 90കളിലാണു ദിസനായകെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തിയത്.

2000ൽ പാർലമെന്‍റംഗമായി. 2004ലെ സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ എൽടിടിഇയോടു ചേർന്നു പ്രവർത്തിച്ചതിന്‍റെ പേരിൽ ജെവിപി മന്ത്രിസഭ വിട്ടതോടെയാണ് പ്രതിപക്ഷത്ത് ദിസനായകെ കരുത്തനായത്.

1971കളിലും 87ലും 91ലുമായി മൂന്നു തവണ ജനകീയ സർക്കാരുകളെ അട്ടിമറിക്കാൻ സായുധ കലാപം നടത്തിയിട്ടുണ്ട് ജെവിപി. മൂന്നു തവണയും ഭരണകൂടം അടിച്ചമർത്തി. പിന്നീട് ഈ നിലപാടുകൾ ഉപേക്ഷിച്ച് മുഖ്യധാരയിലേക്കു മാറുകയായിരുന്നു. ഇത്തവണ അധികാരത്തിലിരുന്ന ഭരണകൂടത്തെ തെരുവിലെ പ്രക്ഷോഭത്തിലൂടെ അട്ടിമറിച്ചശേഷം രൂപംകൊണ്ട സർവകക്ഷി സർക്കാരിനെ താഴെയിറക്കിയാണ് ജെവിപി അധികാരത്തിലെത്തിയത് എന്നതു ശ്രദ്ധേയം.

Trending

No stories found.

Latest News

No stories found.