തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിനു നേരേ വെടിവയ്പ്പ്
ഷിക്കാഗോ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനു നേരേ വെടിവയ്പ്പ്. വലതു ചെവിക്കു വെടിയേറ്റ ട്രംപിന്‍റെ പരുക്ക് ഗുരുതരമല്ല. അക്രമിയെ സംഭവസ്ഥലത്തു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. ട്രംപിന്‍റെ പ്രസംഗം കേൾക്കാനെത്തിയ ഒരാളും അക്രമിയുടെ വെടിയേറ്റു മരിച്ചു.
ട്രംപിനെ വധിക്കാനുള്ള ശ്രമം തന്നെയാണുണ്ടായതെന്ന് പ്രാഥമിക നിഗമനം. 200-300 അടി അകലെ നിന്നാണ് വെടിവയ്പ്പുണ്ടായത്. നിരന്തരം വെടിശബ്ദങ്ങൾ ഉയരുന്നത് വീഡിയോയിൽ വ്യക്തമാണ്.
നവംബർ അഞ്ചിനു നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ രണ്ടു ദിവസം ശേഷിക്കെയാണ് അക്രമം.
ട്രംപിനെതിരായ വെടിവയ്പ്പിനെ എതിർ സ്ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈഡൻ അപലപിച്ചു. വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, മുൻ പ്രസിഡന്‍റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്‍റൺ എന്നിവരും സംഭവത്തെ അപലപിച്ചു.