Dubai to launch 141 new bus shelters by 2025
ദുബായിൽ പുതുതായി 141 ബസ്​ കാത്തിരിപ്പ്​ ​കേന്ദ്രങ്ങൾ കൂടി തയ്യാറാവുന്നു

ദുബായിൽ പുതുതായി 141 ബസ്​ കാത്തിരിപ്പ്​ ​കേന്ദ്രങ്ങൾ കൂടി തയ്യാറാവുന്നു

പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി ആർടിഎ അറിയിച്ചു.
Published on

ദുബായ്: എമിറേറ്റിലെ പ്രധാന മേഖലകളിൽ പുതുതായി 141 ബസ്​ ഷെൽട്ടറുകളുടെ നിർമാണം കൂടി പൂർത്തിയായതായി ദുബായ് റോഡ്​ ഗതാഗത അതോറിറ്റി (ആർടിഎ) അറിയിച്ചു. ഏറെ ആകർഷകവും ഉപയോക്​തൃ സൗഹൃദപരവുമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഷെൽട്ടറുകൾ യാത്രക്കാർക്ക്​ മികച്ച സൗകര്യങ്ങളാണ്​ ഉറപ്പുനൽകുന്നത്​. ശീതീകരിച്ച ബസ്​ ഷെൽട്ടറുകളാണ് നിർമിച്ചിരിക്കുന്നത്. പരസ്യം ചെയ്യാനുള്ള സ്ഥലങ്ങൾ, ബസ്​ റൂട്ടുകളുടെ മാപ്പ്, സർവീസ്​ സമയം, വാഹനമെത്തുന്ന സമയം, മറ്റ്​ വിവരങ്ങൾ എന്നിവ​ പ്രദർശിപ്പിക്കാനായി സ്ക്രീനുകൾ ഷെൽട്ടറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്​. 2025 ഓടെ എമിറേറ്റിലെ ബസ്​ ഷെൽട്ടറുകളുടെ എണ്ണം 762 ആയി വർധിപ്പിക്കാനാണ്​ ആർടിഎ ലക്ഷ്യമിടുന്നത്​. പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി ആർടിഎ അറിയിച്ചു.

പുതുതായി നിർമിച്ച ബസ്​ സ്​റ്റോപ്പുകളിൽ നിന്ന്​ ഒന്ന് മുതൽ പത്ത് വരെ ഇടങ്ങളിലേക്കുള്ള ബസ്​ സർവിസ് ​ ലഭ്യമാണ്​. ബസ്​ ഷെൽട്ടർ പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 18.2 കോടി യാത്രക്കാർക്ക്​ സേവനം നൽകാനാവുമെന്നാണ്​ പ്രതീക്ഷമെന്ന്​ ആർടിഎ എക്സിക്യുട്ടീവ്​ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.

പൊതുഗതാഗ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ദുബായ്യിലെ താമസക്കാർക്കും സന്ദർശകർക്കും ​സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനുമാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നാല്​ രീതിയിലാണ്​ ഷെൽട്ടറുകളെ തരം തിരിച്ചിരിക്കുന്നത്​. പ്രതിദിനം 750ലധികം യാത്രക്കാരുള്ള മേഖലകളിലെ ഷെൽട്ടറുകളെ പ്രാഥമികമെന്നും 250-750 യാത്രക്കാരുള്ള സ്ഥലത്തെ ഷെൽട്ടറുകളെ സെക്കൻഡറി എന്നും 100-200 വരെ യാത്രക്കാരുള്ള സ്ഥലങ്ങളിലെ ഷെൽട്ടറുകളെ ബേസിക്​ എന്നുമാണ്​ തരം തിരിച്ചിരിക്കുന്നത്​. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ വീൽചെയറുകൾക്ക്​ പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ്​ എല്ലാ ബസ്​ ഷെൽട്ടറുകളുടെയും രൂപകൽപ്പന.