#അഡ്വ. ജി. സുഗുണന്
സൂര്യന് അസ്തമിക്കാത്ത വേനല്‍ക്കാലവും, ഉദയസൂര്യനെ കാണാനാവാത്ത ശൈത്യ ദിനങ്ങളും സ്വന്തമായുളള അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഫിന്‍ലാന്‍ഡ്. ഉത്തര യൂറോപ്പില്‍ സ്വീഡന്, റഷ്യ, നോര്‍വേ എന്നിവയോട് ചേര്‍ന്നു കിടക്കുകയാണ് ഈ രാജ്യം. ഫിന്‍ലാന്‍ഡ് ഉള്ക്കടലിനപ്പറം എസ്തോണിയയുമുണ്ട്. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളും വനങ്ങളാണ്.
നൂറ്റാണ്ടുകളോളം സ്വീഡന്റെ കീഴിലായിരുന്നതിനു ശേഷം ഫിന്‍ലാന്‍ഡ് 1809ല്‍ റഷ്യയുടെ അധീനതയിലുളള സ്വയംഭരണ പ്രദേശമായി മാറി. 1917ല്‍ ഫിന്‍ലാന്‍ഡ് പാര്‍ലമെന്റ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. ആഭ്യന്തര യുദ്ധവും സോവ്യറ്റ് യൂണിയന്, നാസി ജര്‍മനി സേനകളുമായുളള പോരാട്ടവും തുടര്‍ന്നു നടന്നു.
1950നു ശേഷമുളള ശീതയുദ്ധകാലത്ത് രാജ്യം ഔദ്യോഗികമായി ഇരു കക്ഷികളോടും സമദൂര നിലപാടെടുത്തു. അതേ സമയം സോവ്യറ്റ് യൂണിയന്റെ നല്ല കുട്ടിയായി തുടരുകയും ചെയ്തു. ഈ നയതന്ത്രമാണ് ഫിന്‍ലാന്‍ഡിനെ ഉയര്‍ന്ന ദേശീയ വരുമാനമുളള രാജ്യങ്ങളുടെ പട്ടികയില്‍ എത്തിച്ചത്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഉദാരീകരണത്തിലേക്ക് വഴി മാറ്റി ചവിട്ടിയ ഈ രാജ്യം 1995ല്‍ യൂറോപ്യന്‍ യൂണിയന് അംഗമായി. ഇന്ന് യൂറോ നാണയമായി ഉപയോഗിക്കുന്ന ഏക നോര്‍ഡിക് രാജ്യമാണ് ഫിന്‍ലാന്‍ഡ്.
സ്വാഭാവികമായി വിസ്തൃതി വർധിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഫിന്‍ലാന്‍ഡ്. ഹിമ യുഗത്തില്‍ ഉപരിതലത്തില്‍ അടിഞ്ഞു കൂടിയ മഞ്ഞിന്റെ ഭാരം മൂലം താഴ്ന്നു പോയ കര പ്രദേശങ്ങള്‍ മഞ്ഞുരുകി കഴിഞ്ഞപ്പോള്‍ സമുദ്രത്തില്‍ നിന്നും ക്രമേണ ഉയര്‍ന്നു വരുന്നതാണ് ഇതിനു കാരണം. തന്മൂലം രാജ്യത്തിന്റെ വിസ്തൃതി വര്‍ഷത്തില്‍ 70 ചതുരശ്ര കിലോമീറ്റര്‍ വീതം കൂടിക്കൊണ്ടിരിക്കുകയാണ്.
ഫിന്‍ലാന്‍ഡിന്റെ കാല് ഭാഗം പ്രദേശം ആര്‍ട്ടിക് വൃത്തത്തില്‍ ആയതിനാല്‍ ഇവിടെ ചില ദിവസങ്ങളില്‍ അർധരാത്രിക്കും സൂര്യനെ കാണാം. രാജ്യത്തിന്റെ വടക്കേയറ്റത്ത് വേനല്‍ക്കാലത്ത് 73 ദിവസമാണ് സൂര്യന് അസ്തമിക്കാതിരിക്കുക. ശൈത്യകാലത്താകട്ടെ തുടര്‍ച്ചയായ 51 ദിവസം ഇവിടെ സൂര്യന് പ്രത്യക്ഷപ്പെടുകയേയില്ല.
ഫിന്‍ലാന്‍ഡിന്റെ വിദേശ നയം മുന്‍പ് ചേരിചേരാ നയത്തിന് സമാനമായ ഒന്നായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായെങ്കിലും പൊതുവെ ഒരു ചേരിയുടെ വക്താവായി ലോകം ഫിന്‍ലാന്‍ഡിനെ കണ്ടിരുന്നില്ല. പൊതുവെ ചേരിചേരാ നയത്തിന് സമാനമായ ഒരു നിലപാടാണ് ഈ രാജ്യം സ്വീകരിച്ചിരുന്നതും. റഷ്യയോടും പടിഞ്ഞാറന്‍ രാജ്യങ്ങളോടും സൗഹൃദ നിലപാടാണ് ഫിന്‍ലാന്‍ഡ് പുലര്‍ത്തിയിരുന്നത്. റഷ്യയുടെ യുക്രെയ്ന് ആക്രമണത്തെത്തുടര്‍ന്നാണ് ഈ നിലപാടില്‍ മാറ്റം വരുത്തിയതെന്നാണ് ഫിന്‍ലാന്‍ഡ് വക്താക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുളളത്. ഇതിന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ റഷ്യയുടെ മുഖ്യ എതിരാളിയായ നാറ്റോയില്‍ ഈ രാജ്യം ചേരുകയും ചെയ്തിരിക്കുന്നു.
റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലാന്‍ഡ് അമെരിക്കയുടെ നേതൃത്വത്തിലുളള പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ഔദ്യോഗികമായി അംഗമായിരിക്കുകയാണ്. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് ഫിന്‍ലാന്‍ഡ് പതാക ഉയരുകയും ചെയ്തു. ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റെണി ബ്ലിങ്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാറ്റോ അംഗത്വം മൂലം ഫിന്‍ലാന്‍ഡ് കൂടുതല്‍ സുരക്ഷിതവും നാറ്റോ കൂടുതല്‍ ശക്തവുമാകുമെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു.
55 ലക്ഷം ജനസംഖ്യയുളള ഫിന്‍ലാന്‍ഡ് നാറ്റോയിലെ 31ാമത് അംഗമാണ്. ചരിത്രത്തിലാദ്യമായാണ് ഫിന്‍ലാന്‍ഡ് പ്രത്യേക സൈനിക ചേരിയുടെ ഭാഗമാകുന്നത്. രാജ്യം യൂറോപ്യന്‍ യൂണിയന് അംഗമായതോടെ ചേരിചേരാ നിലപാടില്‍ മാറ്റമുണ്ടായെങ്കിലും പരസ്യമായ സൈനികമായ പക്ഷം ചേരല്‍ അപ്പോഴും ഉണ്ടായിട്ടില്ല. നാറ്റോ അംഗമായ പോളണ്ടും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. കഴിഞ്ഞ മേയിലാണ് ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. നാറ്റോ അംഗമായ തുര്‍ക്കിയുടെ എതിര്‍പ്പാണ് ഈ അംഗത്വം വൈകിപ്പിച്ചത്. തുര്‍ക്കി പാര്‍ലമെന്റ് ഫിന്‍ലാന്‍ഡിന്റെ അംഗത്വത്തെ പിന്തുണച്ചതോടെയാണ് നടപടികള്‍ക്ക് വേഗമേറിയത്. സ്വീഡന് ഇനിയും പിന്തുണ നല്‍കിയിട്ടില്ല.
അയല്‍ രാജ്യത്തെ ആക്രമിച്ചതോടെ റഷ്യ നാറ്റോ വിപുലീകരണത്തിന് ഊര്‍ജം പകര്‍ന്നെന്ന് അമെരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റെണി ബ്ലിങ്കന്‍ പ്രതികരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും, റഷ്യയുടെ സുരക്ഷിതത്വത്തിനും ദേശീയ താല്പര്യത്തിനും നാറ്റോ വിപുലീകരണം ഭീഷണിയാണെന്നും ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഫിന്‍ലാന്‍ഡ് നാറ്റോയില്‍ അംഗമാകുന്നതിനുളള നടപടികള്‍ നടക്കുന്നതിനിടയിലാണ് അവിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ നാറ്റോയില്‍ അംഗമാക്കുന്നതിനുളള എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച പ്രധാനമന്ത്രി സന്ന മരിനും, അവരുടെ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും വലിയ പരാജയവും തിരിച്ചടിയുമാണ് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
സന്ന മരിന്റെ മധ്യ ഇടതുപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 19.9% വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുളളൂ. മുന്‍ ധനമന്ത്രി പെറ്റേരി ഓര്ക്കോയുടെ മധ്യ വലതുപക്ഷ നാഷണല്‍ കൊ-അലിഷന്‍ പാര്‍ട്ടി 20.8% വോട്ടോടെ വിജയം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുളള തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നേഷന്‍ ഫസ്റ്റ് ഫിന്‍സ് പാര്‍ട്ടിക്ക് 20.1% വോട്ടാണ് ലഭിച്ചത്. 200ല്‍ 48 സീറ്റുകളാണ് പാര്‍ളമെന്റില്‍ നാഷണല്‍ കൊ-അലിഷന്‍ പാര്‍ട്ടി നേടിയത്. ഫിന്‍സ് പാര്‍ട്ടിക്ക് 46 സീറ്റുകളും സന്ന മരിന്റെ സേഷ്യര്ല് ഡെമൊക്രാറ്റുകള്‍ക്ക് 19.09% വോട്ടും 43 സീറ്റുമാണ് ലഭിച്ചത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സമാനമായി 71.9% പോളിങ് ഇത്തവണയും രേഖപ്പെടുത്തി.
ജനാധിപത്യത്തിന്റെ വിജയം എപ്പോഴും സന്തോഷമുണ്ടാക്കുന്നതാണെന്ന് സന്ന മരിന് പ്രതികരിച്ചു. ഇന്ന് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും വോട്ട് നില മെച്ചപ്പെടുത്തിയത് മികച്ച നേട്ടമാണ്. ഫിന്നിഷ് ജനത അവരുടെ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ആഘോഷം എല്ലായിപ്പോഴും ഒരു അത്ഭുതകരമായ കാര്യമാണ്- സന്ന മരിന് വ്യക്തമാക്കി. അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ സഖ്യ ചര്‍ച്ചകള്‍ക്ക് തേതൃത്വം നല്‍കുമെന്ന് പെറ്റേരി ഓര്‍പോ പറഞ്ഞു. യുക്രെയ്നോടുളള ഐക്യദാർഢ്യം തുടരുന്നതാകും പുതിയ സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റെ വ്ലാഡിമിർ പുടിന് നല്‍കാനുളള സന്ദേശം ""നിങ്ങള്‍ പരാജയപ്പെടും, യുക്രെയ്നില്‍ നിന്ന് പിന്മാറൂ'' എന്നാണെന്നും ഓര്‍പോ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന് നാറ്റോ അംഗത്വത്തിനു വേണ്ടി തീരുമാനിക്കുകയും അതിനായുളള നടപടികള്‍ ഫലപ്രദമായി സ്വീകരിക്കുകയും, നാറ്റോ അംഗത്വം നേടിയെടുക്കുകയും ചെയ്ത സോഷ്യല്‍ ഡെമൊക്രാറ്റിക് പാര്‍ട്ടിക്കും, പ്രധാനമന്ത്രി സന്ന മരിനും ഉണ്ടായ തെരഞ്ഞെടുപ്പു പരാജയം ഏവരേയും ഞെട്ടിച്ച ഒന്നാണ്. നാറ്റോ അംഗത്വം രാജ്യത്തെ ജനങ്ങളുടെ ആകെ ആവശ്യമായിരുന്നെന്ന് പറയുന്നുണ്ടെങ്കിലും, ഇക്കാര്യത്തില്‍ വലിയ ആവേശമൊന്നും ആ രാജ്യത്തെ ജനങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നതാണ് തെരഞ്ഞെടുപ്പിലെ ഭരണകക്ഷിയുടെയും പ്രധാനമന്ത്രിയുടെയും പരാജയം. രാജ്യത്തെ പെന്ഷന് നയം, വിദ്യാഭ്യാസ നയം, സങ്കീര്‍ണമായ സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയിലെല്ലാം ജനങ്ങള്‍ക്ക് കാര്യമായ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിപക്ഷത്തെ വലുതുപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കുന്ന കര്യത്തില്‍ വിജയിക്കുകയും ചെയ്തു. ചെറുപ്പക്കാരും ഇടത്തരക്കാരുമെല്ലാം സന്ന മരിന് പിന്തുണ നല്‍കിയിരുന്നെങ്കിലും തീവ്ര വലതുപക്ഷം അവരെ ശക്തമായിത്തന്നെ എതിര്‍ക്കുകയാണുണ്ടായത്.
യൂറോപ്പിലും ലോകത്തെ വിവിധ രാജ്യങ്ങളിലും വലതുപക്ഷം പിടിമുറുക്കുന്നതിന്റെ ദൃഷ്ടാന്തം തന്നെയാണ് ഫിന്‍ലാന്‍ഡിന്റേയും തെരഞ്ഞെടുപ്പു ഫലം വിളിച്ചറിയിക്കുന്നത്. ധൃതി പിടിച്ച് നാറ്റോ അംഗത്വം നേടിയെടുക്കല്‍ നടപടിയും തീവ്ര വലതുപക്ഷത്തിന്റെ ശക്തമായ സ്വാധീനത്തിന്റെ ഫലമാണെന്ന് വിലയിരുത്താന്‍ കഴിയും. എങ്കിലും നാറ്റോ അംഗത്വം നേടിയെടുക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചത് പ്രധാനമന്ത്രി സന്ന മരിന് തന്നെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അതിന്റെ ആനുകൂല്യമൊന്നും ജനങ്ങള്‍ അവര്‍ക്ക് നല്‍കിയില്ല. യഥാർഥത്തില്‍ നാറ്റോ അംഗത്വത്തിന്റെ നേട്ടം തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിനാണ് ലഭ്യമായിരിക്കുന്നത്.
ഭാഗികമായെങ്കിലും ചേരിചേരാ നിലപാടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോയിരുന്ന ഫിന്‍ലാന്‍ഡ് നാറ്റോ അംഗത്വത്തോടു കൂടി അമെരിക്കന്‍ ചേരിയുടെ ഭാഗമായിരി. റഷ്യയുമായിട്ടാണ് ഫിന്‍ലാന്‍ഡിന് അമെരിക്കയെക്കാള്‍ അടുത്ത സൗഹൃദം നേരത്തേ ഉണ്ടായിരുന്നത് എന്ന വസ്തുത വിസ്മരിക്കാന്‍ സമയമായിട്ടില്ല. എന്തായാലും യൂറോപ്യലെ രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മാത്രം ഇതിനെ കണ്ടാല്‍ മതി. ഫിന്‍ലാന്‍ഡിന്റെ നാറ്റോ പ്രവേശനം റഷ്യക്ക് ഒരു പ്രഹരവും അതോടൊപ്പം യൂറോപ്പ് കൂടുതല്‍ സംഘര്ഷമയമാകുന്നതിനുളള സാഹചര്യവും ഉണ്ടാക്കുമെന്നന്നതില് സംശയമില്ല.
(ലേഖകന്‍ കേരള സര്‍വകലാശാല
മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ്.
ഫോണ്‍. 9847132428)