തുർക്കി : ഭൂകമ്പത്തിൽ നാൽപതിനായിരത്തിലധികം പേർ മരണപ്പെട്ട തുർക്കിയിൽ വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനാലോളം പേരാണു തുർക്കിയിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അഡിയാമൻ, സൻല്യുർഫ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചത്. ഭൂകമ്പത്തിനു ശേഷം കണ്ടെയ്നറുകളിലും മറ്റും താമസിക്കുന്നവരെയാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത്. നിരവധി വാഹനങ്ങളും ഒഴുകിപ്പോയിട്ടുണ്ട്. സതേൺ തുർക്കിയിലെ ബൊസോവോ-ഹിൽവാൻ ഹൈവേ തകരുന്നതിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഭൂകമ്പത്തെത്തുടർന്ന് നിരവധി രാജ്യങ്ങളിൽ നിന്നുള്ള സഹായം തുർക്കിയിലേക്ക് എത്തിയിരുന്നു. ഭൂകമ്പദുരന്തത്തിൽ നിന്നും കര കയറുന്നതിനു മുമ്പു തന്നെ വെള്ളപ്പൊക്കവും ജനതയുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.