അന്തർവാഹിനി കരാർ ലക്ഷ്യമിട്ട് ജർമനി, പ്രതിരോധ നിക്ഷേപത്തിന് ഇന്ത്യയുടെ ക്ഷണം

42,000 കോടി രൂപയുടെ അന്തരവാഹിനി കരാർ പദ്ധതിക്കു വേണ്ടി ജർമനിയിൽനിന്നും സ്പെയ്നിൽനിന്നും കൊറിയയിൽനിന്നുമുള്ള കമ്പനികൾ രംഗത്ത്
അന്തർവാഹിനി കരാർ ലക്ഷ്യമിട്ട് ജർമനി, പ്രതിരോധ നിക്ഷേപത്തിന് ഇന്ത്യയുടെ ക്ഷണം
Updated on

ന്യൂഡൽഹി: ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനും ജർമൻ കമ്പനികൾക്ക് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ക്ഷണം.

പ്രതിരോധ സാങ്കേതിക വിദ്യകൾ കൈമാറുന്ന കാര്യത്തിൽ പാക്കിസ്ഥാനെ വിശ്വസിക്കരുതെന്നും, ചൈനയുമായി അത്ര അടുത്ത ബന്ധമാണ് പാക്കിസ്ഥാനുള്ളതെന്നും ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായുള്ള ചർച്ചയിൽ രാജ്‌നാഥ് മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ മാനവ വിഭവശേഷി വൈദഗ്ധ്യവും മത്സരക്ഷമമായ കുറഞ്ഞ ചെലവും, ജർമനിയുടെ അത്യാധുനിക സാങ്കേതിക വിദ്യയും നിക്ഷേപശേഷിയുമായി ചേരുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം പൂർവാധികം ശക്തമാക്കാൻ സാധിക്കുമെന്നും രാജ്‌നാഥ്.

അതേസമയം, ഇന്ത്യക്കായി ആറ് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള 42,000 കോടി രൂപയുടെ കരാർ ജർമൻ സ്ഥാപനത്തിനു നേടിക്കൊടുക്കുക എന്നതും പിസ്റ്റോറിയസിന്‍റെ സന്ദർശന ലക്ഷ്യങ്ങളിൽപ്പെടുന്നു.

ഈ വിഷയത്തിൽ ജർമൻ കമ്പനി തൈസൻക്രൂപ്പ് മറൈൻ സിസ്റ്റംസ് (ടികെഎംഎസ്), സ്പാനിഷ് സ്ഥാപനം നവാന്‍റിയ, തെക്കൻ കൊറിയയുടെ ദേയ്‌വൂ എന്നീ കമ്പനികളുമായി ഇന്ത്യ ചർച്ചകൾ നടത്തിവരുകയാണ്. റഷ്യയിൽനിന്നും ഫ്രാൻസിൽനിന്നുമുള്ള കമ്പനികൾ മത്സരത്തിൽനിന്നു പിൻമാറിക്കഴിഞ്ഞു.

ടികെഎംഎസിന് അന്തർവാഹിനി കരാർ ഉറപ്പിക്കാനുള്ള ചർച്ച നടത്തുമെന്നു പിസ്റ്റോറിയസ് വെളിപ്പെടുത്തുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.