ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കുടുംബ, വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ വാതായനങ്ങൾ 16ന് സന്ദർശകർക്കായി തുറക്കും. ഗ്ലോബൽ വില്ലേജിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വർധനയുണ്ട്. മുൻ സീസണിൽ സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് 22.50 ദിർഹമിന് ഓൺലൈനിൽ ലഭ്യമായിരുന്നു. കൂടാതെ, ഏത് ദിവസവും പ്രവേശിക്കാവുന്ന പാസുകൾക്ക് 27 ദിർഹമായിരുന്നു നിരക്ക്. സാധാരണ ദിവസത്തെ ടിക്കറ്റിന് (ഞായർ മുതൽ വ്യാഴം വരെ, പൊതു അവധി ദിനങ്ങൾ ഒഴികെ) 25 ദിർഹമാണ് നിരക്ക്. ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന് 30 ദിർഹം നൽകേണ്ടി വരും.
3 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്. പുതിയ ലിമിറ്റഡ് എഡിഷൻ വിഐപി ടിക്കറ്റ് പാക്കേജുകൾ സെപ്റ്റംബർ 24 മുതൽ പ്രീ-ബുക്കിംഗിനായി തുറന്നിരുന്നു.
ഈ വർഷത്തെ പായ്ക്കുകളുടെ വിശദാംശങ്ങൾ
4,745 ദിർഹം വിലയുള്ള മെഗാ ഗോൾഡ് പായ്ക്ക്: ഗ്ലോബൽ വില്ലേജ് ഗോൾഡ് വി.ഐ.പി പായ്ക്ക് + ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സ് അൾട്ടിമേറ്റ് പ്ലാറ്റിനം പ്ലസ് വാർഷിക പാസ്.
3,245 വിലയുള്ള മെഗാ സിൽവർ പായ്ക്ക്: ഗ്ലോബൽ വില്ലേജ് സിൽവർ വി.ഐ.പി പായ്ക്ക് + ദുബായ് പാർക്സ് ആൻഡ് റിസോർട്സ് അൾട്ടിമേറ്റ് പ്ലാറ്റിനം വാർഷിക പാസ്.
ഈ പായ്ക്കുകൾ വഴി ഡിപിആറിലേക്ക് അൾട്ടിമേറ്റ് പ്ലാറ്റിനം വാർഷിക പാസും ലഭിക്കുന്നു.
ഇത് ഉടമകൾക്ക് എല്ലാ പാർക്കുകളിലേക്കും ഗ്രീൻ പ്ലാന്‍റിലേക്കും പരിധികളില്ലാതെ പ്രവേശിക്കാൻ അനുമതി നൽകുന്നു. കൂടാതെ, ലാപിറ്റ ഹോട്ടൽ, ലെഗോ ലാൻഡ് ഹോട്ടലിൽ 20 ശതമാനം കിഴിവും ലഭിക്കും. ഉദ്ഘാടന ദിവസമായ ഒക്ടോബർ 16ന് ഗ്ലോബൽ വില്ലേജ് വൈകുന്നേരം 6 മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കും. ഞായറാഴ്ച മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ 12 മണി വരെയും വ്യാഴം മുതൽ ശനി വരെയും പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം 4 മുതൽ പുലർച്ചെ 1 മണി വരെയുമാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. ഈ വർഷം ഗ്ലോബൽ വില്ലേജിൽ റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് എന്നിവയിൽ പുതിയ കൂട്ടിച്ചേർക്കലുകളുണ്ടാകും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ഇരിപ്പിടങ്ങളോടു കൂടിയ പുതിയ ഗ്രീൻ പ്രൊമെനേഡുകളുണ്ടാകും. ഒരു റസ്റ്ററന്‍റ് പ്ലാസയും മൂന്ന് പുതിയ സാംസ്കാരിക പവലിയനുകളും അവതരിപ്പിക്കും. പവലിയനുകളുടെ എണ്ണം 30 ആയി വർധിപ്പിക്കും. ഈ സീസണിൽ 3,500 ഷോപ്പിംഗ് സ്ഥാപനങ്ങളുമുണ്ടാകും. ഭക്ഷണ പ്രിയർക്കായി കാർണവൽ ഫൺ-ഫെയർ ഏരിയയ്ക്ക് പുറമെ പുതിയ റസ്റ്ററന്‍റ് പ്ലാസയിലുടനീളം 250ലധികം വൈവിധ്യമാർന്ന ആഗോള പാചക രീതികൾ അവതരിപ്പിക്കും. ഫിയസ്റ്റ സ്ട്രീറ്റിലെ ഇരട്ട നിലകളുള്ള സ്ട്രീറ്റ് കിയോസ്‌കുകൾ, ഡ്രാഗൺ തടാകത്തിന് സമീപമുള്ള പ്രീമിയർ ഡൈനിംഗ്, റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവിടങ്ങളിൽ പരമ്പരാഗത ഭക്ഷണം ആസ്വദിക്കാം. സാഹസികർക്കായി പുതിയ റൈഡുകളും ഗെയിമുകളും ഉണ്ടാകും.
പ്രധാന സ്റ്റേജിലും കിഡ്‌സ് തിയേറ്ററിലും ഗ്ലോബൽ വില്ലേജിലെ തെരുവുകളിലുടനീളവും 40,000ത്തിലധികം വിനോദ പരിപാടികളും പ്രകടനങ്ങളും പുതിയ സ്റ്റണ്ട് ഷോയും ഇക്കുറിയുണ്ടാകും.