ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്നതിനിടെ, ഹമാസിന്‍റെ ഒരു സൈനിക കമാൻഡർ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ഇസ്രയേലിന്‍റെ അതിർത്തി ഗ്രാമമായ നീരിം, നീർ ഓസ് എന്നിവിടങ്ങളിൽ ഹമാസ് കടന്നു കയറി നടത്തിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ സൈനിക കമാൻഡർ ബിലാൽ അൽ-ഗെദ്രേയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും വിശദീകരണം. ഹമാസിന്‍റെ വടക്കൻ ഖാൻ യൂനിസ് ബറ്റാലിയന്‍റെ കമാൻഡറാണ് ഇയാൾ.
വ്യോമക്രമണത്തിലൂടെ ഇസ്രയേൽ അതിർത്തിയിൽ കടന്നുകയറ്റം നടത്താനുള്ള ഹമാസിന്‍റെ പ്രവർത്തനശേഷി തകർക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹമാസിന്‍റെ ആന്‍റി ടാങ്ക് മിസൈൽ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ ഇസ്രയേൽ സേന തകർത്തു. കഴിഞ്ഞദിവസം ഹമാസിന്‍റെ മുതിർന്ന സൈനിക കമാൻഡർ മുറാദ് അബു മുറാദും ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.