ഇസ്ലാമാബാദ്: പാക്കിസ്ഥാന് മൂന്നു ബില്യൻ ഡോളർ ധനസഹായം അനുവദിച്ച് ഐഎംഎഫ്. 1.2 ബില്യൻ ഡോളർ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും ഐഎംഎഫ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് പണം അനുവദിക്കുന്നതിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. പ്രളയം, ദുർഭരണം തുടങ്ങി നിരവധിയായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതോടെയാണ് പാക്കിസ്ഥാന്‍റെ സാമ്പത്തിക മേഖല തകർന്നത്.
പണപ്പെരുപ്പം ചെറുക്കുന്നതിന് സെൻട്രൽ ബാങ്ക് പലിശ നിരക്ക് 21% ആയി ഉയർത്തിയതിനാൽ വ്യവസായിക പ്രവർത്തനങ്ങൾ എല്ലാം നിലച്ചിരിക്കുകയാണ്. ഭക്ഷ്യ വിലപ്പെരുപ്പം എല്ലാകാലത്തേയും ഉയർന്ന നിരക്കായ 40% ആയി ഉയർന്നിരുന്നു. ഭക്ഷ്യവിതരണ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും മരിച്ചിരുന്നു. രാജ്യാന്തര ഏജൻസികൾക്കു പുറമേ 27 ബില്യൺ ഡോളറോളമാണ് പാക്കിസ്ഥാന്‍റെ ചൈനീസ് കടം.