ഇസ്ലാമാബാദ്: തൂക്കുസഭ നിലവിൽ വന്ന പാക്കിസ്ഥാനിൽ സർക്കാർ രൂപീകരണത്തിന് പ്രധാന രാഷ്ട്രീയ കക്ഷികൾ അണിയറ നീക്കം തുടങ്ങി. 265 സീറ്റുകളിലാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 264 സീറ്റുകളിലെ ഫലമറിവായപ്പോൾ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാർട്ടിയായ പിടിഐ പിന്തുണയ്ക്കുന്ന സ്വതന്ത്രരാണ് ഏറ്റവും വലിയ ഗ്രൂപ്പ്. 101 സീറ്റുകളിൽ ഇവർ വിജയിച്ചു. രണ്ടാം സ്ഥാനത്ത് 75 സീറ്റുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽ- എൻ ആണ്. സാങ്കേതികമായി ഇവരാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിപി 54 സീറ്റുകളോടെ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്ക് കുടിയേറിയ, ഉറുദു സംസാരിക്കുന്നവരുടെ പാർട്ടിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാക്കിസ്ഥാൻ 17 സീറ്റുകൾ നേടി. മറ്റു ചെറുകക്ഷികൾക്ക് 12 സീറ്റുകൾ. പഞ്ചാബ് പ്രവിശ്യയിലെ ഒരു മണ്ഡലത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്നു ഫലപ്രഖ്യാപനം മാറ്റിവച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ 133 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. പാക് പാർലമെന്റായ നാഷണൽ അസംബ്ലിയിൽ വനിതാ, ന്യൂനപക്ഷ സംവരണ സീറ്റുകളടക്കം 336 സീറ്റുകളാണുള്ളത്. ഇതിലേക്കു നാമനിർദേശം പൂർത്തിയാകുമ്പോൾ കേവല ഭൂരിപക്ഷത്തിന് 169 സീറ്റുകൾ വേണ്ടിവരും.
സർക്കാർ രൂപീകരണ ശ്രമത്തിൽ നവാസ് ഷെരീഫിന്റെ മുസ്ലിം ലീഗിന് പാക് സേനാ മേധാവി ജനറൽ അസിം മുനീറിന്റെ പിന്തുണയുണ്ട്. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഐക്യ സർക്കാർ രൂപീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് നവാസ് ഷെരീഫിന്റെ പാർട്ടിയെ പിന്തുണയ്ക്കണമെന്ന അഭ്യർഥനയായാണ് വിലയിരുത്തപ്പെടുന്നത്. ബിലാവൽ ഭൂട്ടോയും നവാസ് ഷെരീഫും ധാരണയിലെത്താനുള്ള സാധ്യതകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, ബിലാവലുമായുള്ള ചർച്ച പരാജയപ്പെട്ടാൽ നവാസ് ഷെരീഫ് എംക്യുഎം ഉൾപ്പെടെ ചെറുകക്ഷികളെയും സ്വതന്ത്രരെയും സമീപിച്ചേക്കും. എന്നാൽ, സർക്കാരിന്റെ നേതൃത്വത്തിൽ നവാസ് ഷെരീഫീയിരിക്കില്ല. പകരം സഹോദരൻ ഷഹബാസ് ഷെരീഫിനെ മുൻനിർത്തിയാകും നീക്കമെന്നും കരുതുന്നു.