ഇസ്ലാമാബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പാർട്ടി പ്രവർത്തകർ സമാധാനം പാലിക്കണമെന്ന ആവശ്യപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ. അറസ്റ്റിന് മുൻപ് സാമൂഹിക മാധ്യമങ്ങളിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്.
‘ഈ അറസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്‍റെ പാർട്ടി പ്രവർത്തകർ കരുത്തോടെ സമാധാനത്തിൽ തുടരണം’ എന്നായിരുന്നു ഇമ്രാൻ ഖാന്‍റെ സന്ദേശം.
തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻഖാന് 3 വർഷം തടവ് ശിക്ഷയാണ് ഇസ്ലാമാബാദ് കോടതി വിധിച്ചത്. അധികാരത്തിലിരിക്കേ വിലയേറിയ സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഇമ്രാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തടവിനു പുറകേ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും അല്ലാത്ത പക്ഷം ആറു മാസം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണമെന്നും അഡീഷണൽ ജഡ്ജി ഹുമയൂൺ ദിലാവർ വിധിച്ചിട്ടുണ്ട്.