'അരിഹയെ' തിരിച്ചേൽപ്പിക്കണമെന്ന് ജർമനിയോട് ഇന്ത്യ; ശ്രമങ്ങൾ ശക്തമാക്കി

കഴിഞ്ഞ 20 മാസത്തിലധികമായി ബെർലിനിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ്.
'അരിഹയെ' തിരിച്ചേൽപ്പിക്കണമെന്ന് ജർമനിയോട് ഇന്ത്യ; ശ്രമങ്ങൾ ശക്തമാക്കി
Updated on

ന്യൂഡൽഹി: ജർമനിയുടെ സംരക്ഷണത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയ്ക്കു വേണ്ടിയുള്ള ശ്രമങ്ങൾ ഒന്നു കൂടി കടുപ്പിച്ച് ഇന്ത്യ. കഴിഞ്ഞ 20 മാസത്തിലധികമായി ബെർലിനിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ്.

കുഞ്ഞിന്‍റെ വളർച്ചാ കാലഘട്ടത്തിൽ ഭാഷയും സംസ്കാരവും സാമൂഹികാന്തരീക്ഷവുമെല്ലാം പ്രധാനപ്പെട്ടതാണെന്നും അതു കൊണ്ടു തന്നെ മാതൃരാജ്യത്തിന് എത്രയും പെട്ടെന്ന് കുഞ്ഞിനെ കൈമാറണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

2021 സെപ്റ്റംബർ 23 നാണ് മാതാപിതാക്കൾ പീഡിപ്പിക്കുന്നുവെന്ന് കണ്ടെത്തി ജർമൻ അധികൃതർ അരിഹയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. അന്ന് കുഞ്ഞിന് വെറും 7 മാസമായിരുന്നു പ്രായം. ഇന്ത്യൻ പൗര ആയി വളരുക എന്നത് കുഞ്ഞിന്‍റെ അവകാശമാണെന്നതടക്കമുള്ള വിവരങ്ങൾ ജർമനിയെ അറിയിച്ചതായി വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ഭാഗ്ചി പറയുന്നു.

കുഞ്ഞിന് പ്രത്യേകം സംരക്ഷണം നൽകുന്നുണ്ടെന്നും നിലവിൽ അവളെ സംരക്ഷിക്കുന്നവരിൽ നിന്ന് കുഞ്ഞിനെ പെട്ടെന്ന് വേർപ്പെടുത്തുന്നത് ആകുലപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക സംരക്ഷണം അവൾക്കായി ഒരുക്കാനാണ് തീരുമാനം.

വിദേശകാര്യ മന്ത്രാലയവും ബെർലിനിലെ ഇന്ത്യൻ എംബസിയും അരിഹയെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളിലാണ്. കുട്ടിയെ അവൾക്ക് അനുയോജ്യമായ സാമൂഹ്യ സാംസ്കാരിക സാഹചര്യത്തിൽ സംരക്ഷിക്കാൻ ഇന്ത്യക്കു കഴിയുമെന്നും വക്താവ് പറയുന്നു.

ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായുടെയും ഭാര്യ ധാരാ ഷായുടെയും മകളാണ് അരിഹ. ജർമനിയിൽ താമസിച്ചു കൊണ്ടിരിക്കേ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്ത് ഒരു ചെറിയ മുറിവുണ്ടായതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കുട്ടിയെ ആശുപത്രിയിൽ കാണിച്ചപ്പോൾ ലൈംഗികപീഡനത്തിന്‍റെ സാധ്യത ചൂണ്ടിക്കാട്ടി ഡോക്റ്റർ ശിശുസംരക്ഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു.

ഇതേത്തുടർന്നാണ് കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തത്. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ സർക്കാർ തയാറായില്ല.

Trending

No stories found.

Latest News

No stories found.